"നിരന്തരം" ഷോർട്ട് മൂവി റിലീസ് ചെയ്തു
ട്വിൻ ഫ്രെയിം മീഡിയായുടെ ബാനറിൽ അനീഷ് നായർ സംവിധാനം ചെയ്ത "നിരന്തരം" എന്ന ഷോർട്ട് മൂവി മെയ് 21ന് ട്വിൻ ഫ്രെയിം മീഡിയായുടെ യൂടൂബ് ചാനലിൽ റിലീസ് ചെയ്തു.
അഡ്ലെയിഡ് നിവാസിയായ അനീഷിന്റെ നാലാമത്തെ ഷോർട്ട് മൂവിയാണിത്. അറിവ്, ശ്യാമം, ശരി എന്നിവയാണ് അദ്ദേഹം ചെയ്ത മറ്റു ഷോർട്ട് മൂവികൾ. കവിയും, പത്ര പ്രവർത്തകനുമായ രാജു വിളയിൽ തിരക്കഥയെഴുതി, അനീഷ് നായർ സംവിധാനം ചെയ്ത "നിരന്തരം" എന്ന ഷോർട്ട് മൂവിയുടെ ആശയം, സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നിരന്തരം നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങൾക്കെതിരെ, ലൈംഗീക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ലൈംഗിക അവബോധത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രാജു വിളയിൽ എഴുതിയ തിരക്കഥ മാധ്യമ ലോകത്തിന്റെ കച്ചവട മനസ്ഥിതിയേയും, സാമൂഹത്തിൽ മാധ്യമങ്ങളുടെ അതിപ്രസരം എത്രമാത്രം തെറ്റായ ചിന്താഗതികൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നുവെന്നും തുറന്നുകാട്ടിയിരിക്കുന്നു.
അഭിരാമി എന്ന കുഞ്ഞു മിടുക്കിയുടെ അഭിനയവും, "നിരന്തരം" എന്ന പേരും, ആശയത്തെ പൂർണ്ണമായി ഉൾക്കൊളളിച്ചുകൊണ്ട് അതിൽ അവസാനിപ്പിച്ച ക്ലൈമാക്സും ചിത്രത്തിന്റെ സവിശേഷതയായി എടുത്തുപറയേണ്ട ഒന്നാണ്. പുതുമുഖങ്ങളെ വെച്ച് ഒന്നര ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയിൽ സമയക്കുറവും, അഭിനയ പാരമ്പര്യമില്ലായ്മയുമൊക്കെ വലിയ വെല്ലുവിളികളായിരുന്നുവെങ്കിലും, അതിൽ അഭിനയിച്ചവരുടെ അർപ്പണബോധവും, കഠിനാധ്വാനവും ഈ സിനിമയുടെ പൂർണ്ണതക്ക് നിതാന്തമായി എന്ന് അനീഷ് നായർ എടുത്തു പറയുന്നു.
സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചവർ അഭിരാമി U V, ശ്രുതി ശ്രീനാഥ്, രാജൻ K മഞ്ജേരി, വിജി C വിജി, സാബു രാമകൃഷ്ണൻ, O. അബ്ദുൽ വഹാബ്, സുരേഷ് ചൈതന്യ, അരുൺ കുമാർ P V, മാധവൻ അറ്റ്ലസ് എന്നിവരാണ്. രാജു വിളയിൽ തിരക്കഥയെഴുതി, അനീഷ് നായർ സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാതാവ് അരുൺ കുമാർ P V, സിനിമയുടെ BGM ചെയ്തിരിക്കുന്നത് സലാം വീറോളി, ടെക്നിക്കൽ സഹായം അജു ജോൺ.
സാമൂഹിക പ്രതിബദ്ധതയുളള നല്ല സിനിമകൾ ഇനിയും അനീഷ് നായർ എന്ന കലാകാരനിലൂടെ പിറവിയെടുക്കട്ടെയെന്ന് ആശംസിക്കുന്നു.
Written by: Rengith Ninan Mathew
ഹ്രസ്വചിത്രം ഇവിടെ കാണാം.