പൂജ്യത്തിന് പുറത്തായി; ഐപിഎല്‍ ടീം ഉടമ കരണത്തടിച്ചെന്ന് റോസ് ടെയ്ലര്
വെല്ലിംഗ്ടണ്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്ന് റോസ് ടെയ്ലറിന്റെ വെളിപ്പെടുത്തൽ. തന്റെ ആത്മകഥയായ 'ബ്ലാക്ക് ആന്‍ഡ് വൈറ്റി'ലാണ് ടൈലർ പറയുന്നത്.
ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്ലര് പുസ്തക്കത്തില്‍ പറയുന്നു. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തിലാണ് ടെയ്ലര് എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന് നായകനായിരുന്ന ഷെയ്ന് വോണും കാമുകിയായ ലിസ് ഹർളിയും ഈ സമയം അവിടെയുണ്ടായിരുന്നു.
ഈ സമയം രാജസ്ഥാന് ടീം ഉടമകളിലൊരാള്‍ എന്റെ അടുത്ത് വന്നു. 'റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ലെ'ന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാലു തവണ അടിച്ചു. അതിനുശേഷം അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം തമാശയായാണോ അത് ചെയ്തതെന്ന് തനിക്കിപ്പോഴും ഉറപ്പില്ലെന്ന് ടെയ്ലറുടെ പുസ്തകത്തെ ഉദ്ധരിച്ച് stuff.co.nz റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സാഹചര്യത്തില്‍ താന്‍ അത് വലിയൊരു പ്രശ്നമായി ഉയര്ത്തിക്കൊണ്ടുവന്നില്ലെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ പ്രഫഷണല്‍ കരിയറില്‍ നിരവധി താരങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാകാമെന്നത് തനിക്ക് സങ്കല്പ്പിക്കാന് പോലുമായില്ലെന്നും ടെയ്ലര് പറയുന്നു.