ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”

Metrom Australia June 16, 2022 ART AND ENTERTAINMENT

കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാര്‍ലി’. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ചാർളി’ എന്ന നായക്കുട്ടി സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. നായ അതിന്റെ ഓരോ വികാരങ്ങളും കണ്ണുകളിലൂടെ പ്രതിഫലിപ്പിച്ചു. മികച്ച പ്രതികരണമാണ് 777 ചാർളിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കാണുന്നവരുടെ കണ്ണു നനയിക്കുന്ന ഒരു ചിത്രമാണ് ‘777 ചാർളി’. മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഒരു മികച്ച അനുഭവമായിരിക്കും ഈ ചിത്രം.

ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺക്കുട്ടി

Metrom Australia June 16, 2022 ART AND ENTERTAINMENT , LIFESTYLE

ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി യു.എസിലെ മൊണ്ടാനയിലെ കിംബെര്‍ലെ സ്ട്രാബിള്‍. കാലിഫോർണിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിയായ കിംബെർലെ തന്റെ പതിനേഴാം വയസിലാണ് നേട്ടം കരസ്ഥമാക്കിയത്.

'ഗ്ലോബൽ ലീഡർഷിപ്പ്' എന്ന വിഷയത്തിലാണ് കിംബെർലെ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ലോകത്തിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയും കൂടിയുമാണ് കിംബെർലെ. കൂടാതെ ഡോക്ടറേറ്റ് സ്വന്തമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ കുറഞ്ഞ പ്രായമുള്ള വ്യക്തിയും  കിംബെർലെയാണ്.

നേട്ടത്തിൽ വളരെ സന്തോഷമുണ്ടെന്ന് കിംബെർലെയുടെ രക്ഷിതാക്കളും പ്രതികരിച്ചു. അത്ര എളുപ്പത്തിലല്ല താൻ ഈ നേട്ടം കൈവരിച്ചതെന്ന് കിംബെർലെ പറയുന്നു. പ്രായക്കുറവ് തന്നെ ഡോക്ടറേറ്റ് നേടാൻ നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചു. പക്ഷെ അതൊന്നും തനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളായിരുന്നു. എല്ലാ അനുഭവങ്ങളും എന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്നു എന്നും കിംബെർലെ പറഞ്ഞു.

സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് പാരിസ്ഥിതിക അംഗീകാരം

Metrom Australia June 15, 2022 ART AND ENTERTAINMENT

ഇലോൺ മസ്‌കിന്റെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ വിക്ഷേപണത്തിന് പാരിസ്ഥിതിക അംഗീകാരം ലഭിച്ചു. റോക്കറ്റിന് ടെക്‌സസിൽ നിര്‍മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായാണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനാണ് (എഫ്‌എഎ) അനുമതി നൽകിയത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് സൈറ്റിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കണക്കാക്കിയ  
പ്രോഗ്രാമാമാറ്റിക് എൻവയോൺമെന്റൽ അസസ്‌മെന്റ് (പിഇഎ) എന്നറിയപ്പെടുന്ന അവലോകനം, കമ്പനിയുടെ പദ്ധതികൾ പരിസ്ഥിതിയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് നിഗമനം ചെയ്തു. കൂടാതെ ടെക്‌സസിലെ ബോക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ലോഞ്ച് സൈറ്റിനെക്കുറിച്ചുള്ള എഫ്‌എഎയുടെ വിലയിരുത്തലിലും പിഇഎയുടെ നിരീക്ഷണം തന്നെയാണ് ഉള്ളത്. അതേസമയം പിഇഎയിൽ നിന്നും അനുമതി ലഭിക്കേണ്ടുതണ്ട്. ഇത് പാസാകാതെ സ്‌പേസ് എക്‌സിന് പരീക്ഷണ ദൗത്യം ആരംഭിക്കാൻ കഴിയില്ല.

എന്നാൽ, ഇതിന്റെ നിർദിഷ്ട പദ്ധതിയിൽ പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സ്റ്റാർബേസ് സൗകര്യത്തിനായുള്ള നിർദേശത്തിൽ 75-ലധികം മാറ്റങ്ങൾ വരുത്താൻ എഫ്എഎ സ്പേസ്എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഇതിൽ വായുവിന്റെ ഗുണനിലവാരം, ശബ്‌ദ നിലകൾ, സമീപത്തുള്ള ബീച്ചിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് വേണ്ടതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ പ്രാദേശിക അധികാരികൾക്കും പൊതുജനങ്ങൾക്കും ലോഞ്ചുകളെ കുറിച്ച് കൂടുതൽ വിപുലമായ അറിയിപ്പ് നൽകാൻ കമ്പനിയോട് പറയുന്നുണ്ട്. ഈ മെഗാ റോക്കറ്റിന്റെ ഡിസൈൻ 2019ലാണ് സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടത്.

മധ്യപ്രദേശിൽ ദിനോസറുകളുടെ മുട്ട കണ്ടെത്തി

Metrom Australia June 14, 2022 ART AND ENTERTAINMENT

മധ്യപ്രദേശിൽ ദിനോസർ മുട്ട കണ്ടെത്തി. ഗവേഷകർ. ഫോസിലൈസ്ഡ് ദിനോസർ മുട്ടകളാണ് മധ്യപ്രദേശിൽ നിന്ന് ഡൽഹി സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ കണ്ടെത്തലിനെ കുറിച്ച് നേച്ചർ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. 

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ദിനോസർ ഫോസിൽ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാർന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകൾ. ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകൾ ഉണ്ടായിരുന്നത്. 

ദിനോസറുകളുടെ മുട്ടകൾക്കുള്ളിൽ മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. പക്ഷികളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളിൽ ഒരിക്കലും കണ്ടെത്തിയിട്ടില്ല. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകൾക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുൽപാദനം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ‌ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്ക് ഇടയിലായി ഒരു നദി; കൂടെ ജീവികളും

Metrom Australia June 11, 2022 ART AND ENTERTAINMENT

അന്റാർട്ടിക്കയിൽ നിഗൂഢ നദി കണ്ടെത്തി. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫായ റോസ് മഞ്ഞുപാളികൾക്ക് ഇടിയിലായാണ് ഒരു നദിയും അതിൽ ജീവികളെയും കണ്ടെത്തിയിരിക്കുന്നത്. റോസ് ഐസ്‌ഷെൽഫിന്റെ 1600 അടി താഴ്ചയിലാണ് ഈ നദി. ഏകദേശം 10 കിലോമീറ്റർ നീളവും 800 അടി ആഴവുമുള്ളതാണ് നദി.


ന്യൂസീലൻഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്‌ഫെറിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ഇപ്പോൾ ഈ നദി കണ്ടെത്തിയിരിക്കുന്നത്. അതിമർദ്ദത്തിൽ ഉഷ്ണജലം പുറപ്പെടുവിക്കുന്ന ഉപകരണം ഉപയോഗിച്ച് ഐസ് പാളി തുരന്നാണ് കണ്ടെത്തിയത്.  നദി ഭാഗത്ത് പൂർണമായി ഇരുൾ മൂടിയതും കൊടുംതണുപ്പ് നിലനിൽക്കുന്നതുമായ സാഹചര്യമാണ്. ഇത്രയും പ്രതികൂല സാഹചര്യത്തിൽ ജീവികൾ വന്നതെങ്ങനെയെന്ന അന്വേഷണത്തിലാണു ശാസ്ത്രജ്ഞർ.

അതേസമയം കൊഞ്ചുകളോട് സാമ്യമുള്ള ആംഫിപോഡുകൾ എന്ന ജീവികളെയാണ് നദിയിൽ കണ്ടെത്തിയത്. ഇവയ്ക്ക് ജീവിക്കാനും പെരുകാനുമുള്ള ആവാസവ്യവസ്ഥ ഈ നദിയിലെ വെള്ളത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജീവികൾക്ക് പോഷണത്തിനു വേണ്ട ധാതുക്കളും മറ്റും വെള്ളത്തിലുണ്ടാകാം. കൂടുതൽ വിവരങ്ങൾക്കായി ജലസാംപിളുകൾ ശേഖരിച്ചു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്.