തൃശൂർ പൂരം; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി

Metrom Australia May 8, 2022 ART AND ENTERTAINMENT

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7 മണിയോടെ പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടില്‍  ആളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. കൂടാതെ തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മെയ് 10 നാണ് തൃശൂര്‍ പൂരം.

നടൻ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

Metrom Australia May 6, 2022 ART AND ENTERTAINMENT

തമിഴ് ചിത്രം ജയ് ഭീമിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ കേസെടുക്കാൻ കോടതി ഉത്തരവ്. ഇതനുസരിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസെടുക്കും. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാര്‍ സേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. രുദ്ര വണ്ണിയാര്‍ സേനയുടെ സ്ഥാപകന്‍ അഡ്വ. കെ സന്തോഷ് നായ്ക്കരാണ് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. 

അതേസമയം കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വേളച്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നൽകി. വണ്ണിയാര്‍ സമുദായം നിയമം അനുസരിക്കാത്തവരാണെന്നും വണ്ണിയാര്‍ സമുദായത്തിന്‍റെ നേതാവ് ഗുരു ഗോത്രവിഭാഗത്തിനെതിരെ പ്രവര്‍ത്തിച്ചയാളാണെന്നും സിനിമയിലൂടെ പ്രചരിപ്പിക്കുകയാണെന്ന് സന്തോഷ് നായ്ക്കരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുന്നതും സാമുദായിക മൈത്രിയെ അലോസരപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ടെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നുണ്ട്.

നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (കലാപം ഉണ്ടാക്കാന്‍ മനപ്പൂര്‍വമായ പ്രകോപനം സൃഷ്ടിക്കല്‍), 153 എ (1) (വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍), 499 (മാനനഷ്ടം), 503 (ഭീഷണിപ്പെടുത്തല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനപ്പൂര്‍വ്വമായ അധിക്ഷേപിക്കല്‍) അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ദ്വീപുകൾ വില്പനയ്ക്ക്

Metrom Australia May 2, 2022 ART AND ENTERTAINMENT , LIFESTYLE

മാലിദ്വീപ് എന്നും കൗതുകകരമായ ഒന്നാണ്. എന്നാൽ ഇപ്പോൾ കൂടുതൽ കൗതുകകരമായ വാർത്തയാണ്  മാലിദ്വീപിൽ നിന്ന് എത്തുന്നത്. മാലിദ്വീപ് സർക്കാർ അവിടുത്തെ പതിനാറ് ദ്വീപുകൾ വിൽക്കാനൊരുങ്ങുകയാണ്. 50 വർഷത്തെ പാട്ടത്തിനാണ് ദ്വീപുകൾ ലേലം ചെയ്യുന്നത്. കൊറോണ വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

 

രാജ്യത്തിൻറെ നഷ്ട്ടപെട്ട സമ്പത്ത് തിരിച്ചുപിടിക്കുക എന്നതാണ് ദ്വീപ് വിൽപ്പനയിലൂടെ ലക്ഷ്യമിടുന്നത്. ദ്വീപ് വാങ്ങുന്നവർ അവിടെ റിസോർട്ടുകൾ പണിയണം. ലേലം വിജയിച്ച് ദ്വീപ് സ്വന്തമാക്കുന്നവർക്ക് ഏത് പ്രോജക്ട് നടപ്പാക്കാനും 36 മാസം വരെ സമയമുണ്ട്. അഞ്ച് വർഷത്തെ റസിഡന്റ് വിസയും ലഭിക്കും. കർശനമായ നിബന്ധനകളോട് കൂടിയാണ് ദ്വീപ് വിൽക്കാനൊരുങ്ങുന്നത്. റിസോർട്ട് നിർമ്മാണത്തിന്റെ പേരിൽ ദ്വീപിലെ മരങ്ങൾ വെട്ടിനികത്താണോ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങളൊന്നും തന്നെ ചെയ്യാനോ പാടില്ല. എന്ത് ചെയ്യുമ്പോഴും ആദ്യം സർക്കാരിൽ നിന്ന് അനുമതി വാങ്ങിക്കണം. 

ജോണ്‍ പോള്‍ അന്തരിച്ചു

Metrom Australia April 23, 2022 ART AND ENTERTAINMENT

തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍(72) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനിരിക്കെയാണ് അന്ത്യം.'

പാസ്വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാൻ ആലോചിച്ച് നെറ്റ്ഫ്‌ലിക്‌സ്

Metrom Australia April 23, 2022 ART AND ENTERTAINMENT

പാസ്വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്ന് ഇത് പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

'പാസ്വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക് നെറ്റ്ഫ്‌ലിക്‌സ് എത്താനും കൂടുതൽ പേർ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്കിടയിൽ പാസ്വേഡ് പങ്കുവെക്കൽ എളുപ്പമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനിൽക്കുന്നുണ്ട് ''- നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞു.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നീക്കം. എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തതയില്ല. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എടുത്ത് പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവിൽ വന്നാൽ ഈ പതിവിനു മാറ്റമുണ്ടായേക്കും.

ആഗോള തലത്തിൽ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നഷ്ടമായത്. ഇനി മുതൽ നെറ്റ്ഫ്‌ലിക്‌സ് പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും.