ആഭ്യന്തര കലാപത്തെ തുടർന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു

Metrom Australia July 10, 2022 GOVERNMENT

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെയുടെ രാജി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 

ആഭ്യന്തര കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയ്ക്കും ഉടന്‍ രാജിവയ്‌ക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി  രൂക്ഷമായതിനെ തുടർന്ന്  ജനം കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രവേശിച്ച്  പ്രതിഷേധിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ച് ഉല്ലസിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്

Metrom Australia June 10, 2022 GOVERNMENT

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിച്ചു. ജൂലൈ 21ന് ഫലപ്രഖ്യാപനം ഉണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം, നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ അടുത്ത രാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. ജൂൺ 29 വരെ നാമനിർദേശ പത്രിക നൽകാനാകും. ജൂൺ 30ന് സൂക്ഷ്മ പരിശോധന പൂർത്തിയാകും. പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 57 പേർക്കും വോട്ട് ചെയ്യാനാകും. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ല.

ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെയും ഡൽഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ അടങ്ങുന്നതാണ് ഇത്തവണത്തെ ഇലക്ടറൽ കോളജ്.

അതേസമയം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. അല്ലാത്ത പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.

ന്യൂസിലാൻഡ് വിമാനത്താവളത്തിൽ ഗോമൂത്രം പിടികൂടി നശിപ്പിച്ചു

Metrom Australia May 21, 2022 GOVERNMENT

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിൽ വിദേശ യാത്രക്കാരനിൽ നിന്ന് ഗോമൂത്രം പിടിച്ചെടുത്തു. രണ്ടു കുപ്പി 'ഗോമാതാ' ഗോമൂത്രമാണ് പിടിച്ചെടുത്ത് നശിപ്പിച്ചതായി  ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം അധികൃതർ വ്യക്തമാക്കിയത്. പിടിച്ചെടുത്ത രണ്ടു ഗോമൂത്ര ബോട്ടിലുകളുടെ ചിത്രവും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായുള്ള പതിവു സുരക്ഷാ പരിശോധനയിലാണ് ബോട്ടിലുകള്‍ കണ്ടെത്തിയത്. ഗോമൂത്രം ഗുരുതര അസുഖങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. 

'ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിലെ പതിവു പരിശോധയ്ക്കിടെ ഈയിടെ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കാലിലും വായയിലും അസുഖങ്ങൾക്ക് വഴി വയ്ക്കുന്നു. ചില ഹൈന്ദവ പാരമ്പര്യപ്രകാരം ഗോമൂത്രം പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജൈവസുരക്ഷാ ബുദ്ധിമുട്ടുകൾ മൂലം ഗോമൂത്രം രാജ്യത്തേക്ക് അനുവദിക്കാനാകില്ല.' - എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യിൽ കരുതിയതെന്ന് യാത്രക്കാരൻ വിശദീകരിച്ചതായും പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാൽ ലഗേജിൽ ഇത്തരം വസ്തുക്കൾ കൊണ്ടുവരരുത് എന്നാണ് അധികൃതകരുടെ നിർദേശം. സംഭവിക്കുന്ന പക്ഷം പിഴയോ കുറ്റവിചാരണയോ നേരിടേണ്ടി വരുമെന്നും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാരന്റ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. 2015ൽ രണ്ടു കുപ്പി ഗോമൂത്രം കൊണ്ടുപോയതിന് ഇന്ത്യൻ വംശജയായ യാത്രക്കാരിക്ക് ന്യൂസിലാൻഡ് കസ്റ്റംസ് 400 ഡോളർ പിഴ ചുമത്തിയിരുന്നു. 

ശ്രീലങ്കയിൽ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കും: പ്രധാനമന്ത്രി

Metrom Australia May 17, 2022 GOVERNMENT

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്ന വേളയിലായിരുന്നു പ്രഖ്യാപനങ്ങൾ. ‘അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത്  രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്.  ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും’- വിക്രമസിംഗെ പറഞ്ഞു.

അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണെന്നും ജനമൊന്നാകെ ഒരുങ്ങിയിരിക്കണമെന്നും ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022  വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുക്കയാണ്.  ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങുനതായും പ്രധാനമന്ത്രി അറിയിച്ചു.

ഫ്രാന്‍സിന് മൂന്ന് പതിറ്റാണ്ടിന് ശേഷം വനിതാ പ്രധാനമന്ത്രി

Metrom Australia May 17, 2022 GOVERNMENT

മൂന്ന് പതിറ്റാണ്ടിനുശേഷം  ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രി. ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെയാണ് ഫ്രഞ്ച് പ്രധാനമന്ത്രിയായി  പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്.  നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്  പ്രസിഡന്റിന് രാജിവെച്ച സാഹചര്യത്തിലാണ് മാക്രോണിന്റെ പുതിയ പ്രഖ്യാപനം.

3 പതിറ്റാണ്ടുകൾക്ക് മുന്‍പ് 1991 മെയ് മുതല്‍ 1992 ഏപ്രില്‍ വരെ പ്രസിഡന്റ് ഫ്രാങ്കോയിസ് മിത്തറാണ്ടിന്റെ കീഴില്‍ ഹ്രസ്വകാലത്തേക്ക് എഡിത്ത് ക്രെസണ്‍ എന്ന വനിത പ്രധാനമന്ത്രിയായിരുന്നു. പിന്നീട് പ്രധാനമന്ത്രി പദവിയിലേകെത്തുന്ന വനിതയാണ് എലിസബത്ത് ബോണ്‍. പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ എലിസബത്ത് ബോണ്‍ ആദ്യഘട്ടത്തില്‍ മുൻഗണന നൽകുമെന്നാണ് റിപ്പോർട്ടുകൾ.