ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പു നടത്തിയ രണ്ടു പേരെ സിഡ്നിയിൽ അറസ്റ്റു ചെയ്തു. ടാസ്ക്ഫോഴ്സ് വാൻഗാർഡ് എന്ന പേരിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ബോർഡർ ഫോഴ്സും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാരമറ്റയിലെ റോസ്ഹില്ലിലുള്ള, 27ഉം, 26ഉം വയസ് പ്രായമുള്ള രണ്ടു പേരാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യൻ പൗരൻമാരാണെന്ന് ഫെഡറൽ പൊലീസ് സ്ഥിരീകരിച്ചു.
ഫെഡറൽ പൊലീസിലെയും, സർവീസ് ഓസ്ട്രേലിയയിലെയും ഉദ്യോഗസ്ഥർ എന്ന വ്യാജേന 17,000 ഡോളർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. പണം നഷ്ടപ്പെട്ട യാൾ, പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി ഫെഡറൽ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് ഫെഡറൽ പൊലീസ് അന്വേഷണം തുടങ്ങിയത്.
ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ പേരു പറഞ്ഞുള്ള ഫോൺ വിളികളോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. “നിങ്ങൾ തട്ടിപ്പു നടത്തിയതായി ഫെഡറൽ പൊലീസ് കണ്ടെത്തി, അതിനാൽ നിങ്ങൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കും” എന്ന സന്ദേശമാണ് ആദ്യം നൽകുന്നത്. വ്യക്തി വിവരങ്ങൾ ഉടൻ കൈമാറിയില്ലെങ്കിൽ ജയിലിലാകും എന്ന ഭീഷണിയും ഇതിനൊപ്പമുണ്ടാകും.
സ്വകാര്യ വിവരങ്ങൾ ചോർന്നതിനാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും ആവശ്യപ്പെട്ടു. കൈവശമുള്ള എല്ലാ ക്രെഡിറ്റ് കാർഡുകളും ഒരു കവറിലാക്കി വയ്ക്കാനും, ഒരു ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥൻ വന്ന് അത് വാങ്ങുമെന്നും ഇരയെ ഇവർ അറിയിച്ചു. വരുന്ന ഉദ്യോഗസ്ഥനോട് തിരിച്ച് ചോദ്യങ്ങളൊന്നും പാടില്ല എന്നായിരുന്നു നിർദ്ദേശം. ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈക്കലാക്കി. പിന്നീട് ഡ്രൈവിംഗ് ലൈസൻസും, സ്റ്റുഡന്റ് കാർഡും ഉൾപ്പെടെയുള്ള രേഖകൾ ഇമെയിലിലൂടെയും സ്വന്തമാക്കി. പിന്നീടാണ് 17,000 ഡോളറോളം തട്ടിയെടുത്തത്.
അതേസമയം പാരമറ്റ ലോക്കൽ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയതായും പൊലീസ് വക്താവ് അറിയിച്ചു. ഈ തട്ടിപ്പു സംഘത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ഇവരുടെ വീട് റെയ്ഡ് ചെയ്ത പൊലീസ്, മൊബൈൽ ഫോണുകളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ നടത്തിയ മറ്റു തട്ടിപ്പുകളുടെ വിവരങ്ങൾ ഇതിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദേശപൗരൻമാരെ, ശിക്ഷക്കു ശേഷം വിസ റദ്ദാക്കി നാടുകടത്തുമെന്നും ABFലെ ഇൻവെസ്റ്റിഗേഷൻ സൂപ്രണ്ട് ബ്രെട്ട് ടോട്ടൻ പറഞ്ഞു. വിദേശത്തു നിന്ന് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പിന്നീട് ഓസ്ട്രേലിയൻ വിസയ്ക്ക് അപേക്ഷിച്ചാൽ അത് നിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.