ട്വിറ്ററിൽ ട്രെൻഡായി 'ഗോബാക്ക് മോദി'

Metrom Australia May 26, 2022 POLITICS

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്‌നാട് സന്ദർശിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി 'ഗോബാക്ക് മോദി'. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കായാണ് മോദി ഇന്ന് തമിഴ്‌നാട്ടിലെത്തുന്നത്. ഇതിനിടയിലാണ് സന്ദർശനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയരുന്നത്.

GoBackModi എന്ന ഹാഷ്ടാഗിൽ ഇതിനകം തന്നെ 20,000ത്തോളം ട്വീറ്റുകളാണ് വന്നിട്ടുള്ളത്. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വികസന പദ്ധതികൾക്കായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഫണ്ട് വാരിക്കോരി നൽകുമ്പോൾ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നാണ് വാദം.

ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രതിഷേധമുയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വിടുതലൈ ചിരുതൈഗൾ കച്ചി(വി.സി.കെ) നേതാവും ലോക്‌സഭാ എം.പിയുമായ തോൾ തിരുമാവളവൻ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സാമുദായിക സ്പർധയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങൾക്കുമിടയാക്കിയ കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ചെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഇടതു പാർട്ടികളും മാർച്ചിൽ പങ്കെടുക്കുമെന്ന് തിരുമാവളവൻ അറിയിച്ചു.

ആദ്യ വീട് വാങ്ങാൻ ശ്രമിക്കുന്നവർക്കായി പുതിയ വാഗ്ദാനവുമായി ലിബറൽ സഖ്യം

Metrom Australia May 17, 2022 POLITICS , GOVERNMENT

ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവർക്കായി  പുതിയ വാഗ്ദാനവുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൻ. വീടു വാങ്ങുന്നതിനാവശ്യമായ നിക്ഷേപ തുക കണ്ടെത്താനായി സൂപ്പറാന്വേഷൻ ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കും എന്നതാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

തന്റെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ, ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് സൂപ്പറാന്വേഷൻ നീക്കിയിരിപ്പിന്റെ 40 ശതമാനം അതിനായി ഉപയോഗിക്കാൻ അനുവാദം നൽകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വീടു വിലയുടെ അഞ്ചു ശതമാനം തുക സമ്പാദ്യമായി കൈവശമുള്ളവർക്കാണ് ഇത്തരത്തിൽ സൂപ്പറാന്വേഷൻ തുക കൂടി ഉപയോഗിക്കാൻ കഴിയുക. പരമാവധി 50,000 ഡോളർ വരെയാകും ഇങ്ങനെ ഉപയോഗിക്കാൻ കഴിയുക.

എന്നാൽ എപ്പോഴെങ്കിലും ആ വീട് വിറ്റാൽ, സൂപ്പറാന്വേഷനിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കേണ്ടിവരും. വീടുവിലയിലെ വർദ്ധനവിൽ നിന്നും (ക്യാപിറ്റൽ ഗെയിൻസ്) ആനുപാതികമായ തുക കൂടി സൂപ്പർ ഫണ്ടിലേക്ക് നിക്ഷേപിക്കണം. 2023 ജൂലൈ ഒന്നു മുതൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം പദ്ധതി നടപ്പാക്കിയാൽ വീടു വിലയിൽ താൽക്കാലികമായി വർദ്ധനവ് ഉണ്ടാകുമെന്ന് സൂപ്പറാന്വേഷൻ വകുപ്പ് മന്ത്രി ജെയ്ൻ ഹ്യൂം സമ്മതിച്ചു. അതായത്, 
വീടുവാങ്ങാൻ കാത്തിരിക്കുന്നവർ നേരത്തേ തന്നെ വിപണിയിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് താൽക്കാലികമായി വില കൂട്ടും എന്നും ജെയ്ൻ ഹ്യൂം പറഞ്ഞു. എന്നാൽ, ഇത് ഒഴിവാക്കാൻ സർക്കാരിന്റെ മറ്റു പദ്ധതികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി  വിശദീകരിച്ചു.

എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് ലിബറൽ സഖ്യത്തിന്റേത് എന്ന് ലേബർ പാർട്ടി വിമർശനം ഉന്നയിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സുരക്ഷ ഇല്ലാതാക്കുന്ന നടപടിയാകും സൂപ്പർ നിക്ഷേപം പിൻവലിക്കലെന്ന് ലേബർ വക്താവ് ടാനിയ പ്ലിബർസെകും കുറ്റപ്പെടുത്തി.

റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തിപ്പെടുത്താൻ ജർമ്മൻ ചാൻസലറോട് സെലെൻസ്‌കി

Metrom Australia May 12, 2022 POLITICS

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ചർച്ച നടത്തി. ഊർജമേഖലയിലെ സഹകരണം, പ്രതിരോധ സഹായം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. റഷ്യയ്‌ക്കെതിരായ ഉപരോധം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും സെലെൻസ്കി അറിയിച്ചു. കൂടാതെ യുദ്ധം ഉടനടി അവസാനിപ്പിക്കാനും, സൈന്യത്തെ പിൻവലിക്കാനും റഷ്യ തയ്യാറാകണമെന്ന് ജർമ്മനി ആവശ്യപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു. ജർമ്മനി യുക്രൈന് നൽകുന്ന പിന്തുണയും ആവശ്യമായ സഹായവും തുടരും. റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നും ജർമ്മൻ വക്താവ് വ്യക്തമാക്കി. യുക്രൈൻ പോരാട്ടത്തിന് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്കി നന്ദി പ്രകടിപ്പിച്ചു. ജർമ്മനി ചാൻസലറുമായി നടന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, യുക്രൈനുമായി സംഭാഷണത്തിന് തയ്യാറായതിൽ അഭിനന്ദിക്കുന്നു എന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്തു.

പാക് യുവാക്കൾക്ക് പുതിയ ആപ്പുമായി ഇമ്രാൻ ഖാൻ

Metrom Australia May 11, 2022 POLITICS , GOVERNMENT

ഇമ്രാൻ ഖാൻ തന്റെ സ്വന്തം പാർട്ടിയായ തെഹ്‌രീക്–ഇ–ഇൻസാഫിൽ മെമ്പർഷിപ്പ് എടുക്കാൻ വേണ്ടി പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പാർട്ടിയിൽ അംഗത്വം നേടാമെന്ന് ഇമ്രാൻ ഖാൻ അവകാശപ്പെടുന്നു. വിദേശരാജ്യങ്ങളിലുള്ള പാകിസ്താനികളെ ലക്ഷ്യം വെച്ചാണ് ‘റാബ്ത’ എന്ന പേരിൽ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് പ്രതിഷേധം അറിയിക്കാൻ തന്റെ ആപ്പിൽ മെമ്പർഷിപ്പ് എടുത്ത് തെഹ്‌രീക്–ഇ–ഇൻസാഫിന് പിന്തുണ നൽകണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു. പാർട്ടിക്ക് സംഭവിച്ച പിഴവുകൾ തിരുത്തുമെന്നും 2018 ലെ തെരഞ്ഞെടുപ്പിൽ സംഭവിച്ച തെറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരുത്തുമെന്നും ഇമ്രാൻ പറഞ്ഞു. 

ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

Metrom Australia April 29, 2022 POLITICS

മ്യാന്‍മര്‍: മ്യാന്‍മര്‍ മുന്‍ വിദേശകാര്യമന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് അഴിമതിക്കേസില്‍ 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.
സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസുകളില്‍ ആദ്യത്തേതിന്റെ വിധിയാണ് ഇപ്പോള്‍ മ്യാന്‍മര്‍ കോടതി  വിധിച്ചിരിക്കുന്നത്. ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂചിയുടെ അഭിഭാഷകരെയും വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെയും മ്യാന്‍മര്‍ കോടതി വിലക്കിയിട്ടുണ്ട്.