ബ്രിട്ടനിൽ മന്ത്രിമാര്‍ ഉള്‍പ്പെടെ 56 എംപിമാർക്കെതിരെ ലൈം​ഗിക പീഡന ആരോപണം

Metrom Australia April 29, 2022 POLITICS


ലണ്ടന്‍: ബ്രിട്ടനില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 56 എംപിമാര്‍ ലൈംഗികാതിക്രമം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്‌സ് ആന്‍ഡ് ഗ്രീവന്‍സ് സ്‌കീമിന് (ഐസിജിഎസ്) കീഴിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികമായി അനുചിതമായ പെരുമാറ്റം മുതല്‍ ഗുരുതരമായ തെറ്റുകള്‍ വരെ ചെയ്തവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംപിമാരുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഐസിജിഎസില്‍ നല്‍കിയ പരാതികളില്‍ ഒരെണ്ണമെങ്കിലും ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അംഗത്തിന് ലൈംഗികതക്കായി കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്.  എന്നാല്‍, മുമ്പത്തെപ്പോലെയല്ല കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കാര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുകയാണെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡന്‍ പറഞ്ഞത്. എന്നാല്‍, എംപിമാര്‍ ലൈംഗികതക്കായി സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ അല്ലെങ്കില്‍ അഴിമതി കാണിക്കുന്നവരോ ആണെങ്കില്‍ നടപടി ഉടന്‍ വേണമെന്ന്  ട്രഷറിയുടെ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു.

15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ടോറി എംപി ഇമ്രാന്‍ അഹമ്മദ് ഖാന്‍ രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ മാസമാദ്യം, മറ്റൊരു ടോറി എംപിയായ ഡേവിഡ് വാര്‍ബര്‍ട്ടണെതിരെയും ലൈംഗിക പീഡനാരോപണവും കൊക്കെയ്ന്‍ ഉപയോഗ ആരോപണവും ഉന്നയിച്ചിരുന്നു. എല്ലാ ആരോപണങ്ങളും ഞങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും  പരാതികളുള്ള ആര്‍ക്കും മുന്നോട്ടുവരാമെന്നും ബ്രിട്ടന്‍ ഗവണ്‍മെന്റ് വക്താവ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു. അതേസമയം 2018ലാണ് ക്രോസ്-പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര ഏജന്‍സിയായി ഐസിജിഎസ് രൂപീകരിച്ചത്. തുടര്‍ന്നാണ് എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്രയേറെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസിക്ക് കോവിഡ്

Metrom Australia April 22, 2022 POLITICS , GOVERNMENT

ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ആന്റണി അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലുള്ള ഒരു റിട്ടയര്‍മെന്റ് വില്ലേജ്  സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പതിവായി നടത്താറുള്ള പിസിആര്‍ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാനിരുന്ന അല്‍ബനീസി, യാത്ര റദ്ദ് ചെയ്ത് സിഡ്‌നിയില്‍ തുടരുകയാണ്. 

അതേസമയം ഏഴ് ദിവസം ആന്റണി അല്‍ബനീസി ക്വാറന്റൈനില്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മെയ് 21 നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്‍പ്, കുറഞ്ഞത് ഏഴ് ദിവസത്തെ പരസ്യ പര്യടന പരിപാടികളെങ്കിലും അല്‍ബനീസിക്ക് നഷ്ടമാകും.

തനിക്ക് ഇതുവരെ കുഴപ്പമൊന്നുമില്ലെന്നും, വീട്ടിലിരുന്ന്  ഉത്തരവാദിത്തങ്ങള്‍ തുടരുമെന്നും അല്‍ബനീസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. എല്ലാ ഓസ്ട്രേലിയക്കാരുടെയും കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കായി താന്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡികെയര്‍ ഉള്ളതുകൊണ്ട് തനിക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ഓസ്‌ട്രേലിയയില്‍ ലഭ്യമാണെന്നും അദ്ദേഹം പറയാന്‍ മറന്നില്ല. എന്നാല്‍ മെഡികെയര്‍ പദ്ധതിയുടെ പിന്നില്‍ ലേബറാണെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലേബറിന്റെ മുഖ്യ എതിരാളിയും, പ്രധാനമന്ത്രിയുമായ സ്‌കോട്ട് മോറിസണ്‍ അല്‍ബനീസിയുടെ രോഗബാധ ഗുരുതരമാകില്ലെന്ന പ്രതീക്ഷ പങ്കുവെച്ചു. എന്നാല്‍ ഫെഡറല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ലേബറിന് കോവിഡിന്റെ രൂപത്തില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. തെരഞ്ഞെടുപ്പിലെ ലേബറിന്റെ മുഖം എന്ന് വിശേഷിപ്പാക്കാവുന്ന അല്‍ബനീസിയുടെ 'മാറി നില്‍ക്കല്‍' ലേബര്‍ ക്യാമ്പിന്റെ താളം തെറ്റിച്ചിട്ടുണ്ട്.
 

സംവാദ വേദിയിൽ വിവാദമായി പ്രധാനമന്ത്രിയുടെ പരാമര്‍ശം

Metrom Australia April 21, 2022 POLITICS

ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ്റെ പരാമർശം വിവാദമാകുന്നു.  ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണ് വിമർശനത്തിനിടയാക്കിയത്.

ഓട്ടിസം ബാധിച്ച നാലു വയസുകാരനായ മകന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെക്കുറിച്ച് കാതറിന്‍ എന്ന സ്ത്രീയാണ് ചോദ്യം ഉന്നയിച്ചത്. 'ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രി മറുപടി തുടങ്ങിയത്. മെഡികെയറിനെക്കാള്‍ വലിയ പദ്ധതിയാണ് ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സെന്നും, അതിന് പൂര്‍ണ ഫണ്ടിംഗ് നല്‍കുന്നുണ്ട് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. എന്നാൽ സംവാദം തുടരുമ്പോള്‍ തന്നെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം  ഉയര്‍ന്നു.

അതേസമയം ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന അഭിമാനപദ്ധതിയാണ് ഡിസെബിലിറ്റി സ്‌കീം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്‍ബനീസിയുടെ മറുപടി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം വലിയ പദ്ധതികള്‍ ലേബര്‍ പാർട്ടിയാണ് കൊണ്ടുവരുന്നതെന്നും, ജനങ്ങളുടെ ഭാവിയെക്കരുതിയുള്ള പദ്ധതികളെല്ലാം ലേബറിന്റെ സംഭാവനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പല വലിയ പദ്ധതികളും ലേബര്‍ കൊണ്ടുവരുന്നുണ്ടെങ്കിലും, അതിനെല്ലാം ഫണ്ടിംഗ് കണ്ടെത്തുന്നത് ലിബറല്‍ സഖ്യമാണ് എന്നായിരുന്നു പ്രധാനമന്ത്രിയും തിരിച്ചടിച്ചു. എന്നാൽ ഇതിനിടെ ലേബര്‍ പാര്‍ട്ടിയും, ഓട്ടിസം ബാധിതയായ മുന്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഗ്രെസ് ടെയ്മും, ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഡിലന്‍ ആല്‍ക്കോട്ടുമെല്ലാം പ്രധാനമന്ത്രിയുടെ പരാമർശത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ആദ്യ സംവാദത്തില്‍ വിജയം അല്‍ബനീസിയക്കൊപ്പം

Metrom Australia April 21, 2022 POLITICS

ഓസ്ട്രേലിയൻ ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആദ്യ പരസ്യസംവാദത്തിന് ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയം വേദിയായി. സ്‌കൈ ന്യൂസും കൊറിയര്‍ മെയിലും ചേര്‍ന്ന് ബ്രിസ്‌ബൈനില്‍ സംഘടിപ്പിച്ച ഒരു മണിക്കൂര്‍ സംവാദത്തില്‍, പല വിഷയങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങളുയര്‍ന്നു.

സാമ്പത്തിക നയങ്ങളില്‍ ഊന്നിയായിരുന്നു സംവാദത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സംസാരിച്ചത്. എന്നാല്‍, ജനങ്ങളുടെ ഭാവിയെ കരുതിയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ മുന്‍ഗണന നല്‍കുന്നത് എന്നായിരുന്നു അല്‍ബനീസിയുടെ മറുപടി. അതേസമയം ഏജ്ഡ് കെയര്‍ മേഖലയിലെ നഴ്‌സുമാരുടെ എണ്ണവും, അതിര്‍ത്തി സുരക്ഷയും, പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളും വോട്ടര്‍മാരിലേക്ക് എത്താൻ ശ്രമിച്ചത്.

'സാമ്പത്തിക രംഗം ശക്തമാകണോ ദുര്‍ബലമാകണോ എന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇത്' എന്ന വാദവുമായാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സംവാദം തുടങ്ങിയത്. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയവും, 70 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ബജറ്റ് നേട്ടവുമെല്ലാം മോറിസന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തത് എന്നായിരുന്നു ലേബര്‍ നേതാവ് ആന്തണി അല്‍ബനീസിയുടെ പക്ഷം. സ്വന്തം തെറ്റുകളില്‍ നിന്ന് പോലും ലിബറല്‍ സഖ്യ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കുന്നില്ലെന്നും അല്‍ബനീസി ആരോപിച്ചു.

എന്നാല്‍ രാജ്യത്തെ നഴ്‌സുമാരുടെ കുറവിനെ കുറിച്ചായിരുന്നു കാണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന ആദ്യ ചോദ്യങ്ങളിലൊന്ന്. വിദേശത്തു നിന്നുള്ള നഴ്‌സുമാരെ ആശ്രയിക്കുന്നതിന് പകരം, ഓസ്‌ട്രേലിയക്കാരായ നഴ്‌സുമാര്‍ക്കു തന്നെ അവസരം നല്‍കുന്നതിന് എന്തു നടപടിയെടുക്കുമെന്നും, ഏജ്ഡ് കെയര്‍ രംഗത്തെ നഴ്‌സിംഗ് ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കും എന്നുമായിരുന്നു ചോദ്യം.

ഏജ്ഡ് കെയര്‍ മേഖലയിലെ പ്രതിസന്ധിക്ക് ഊന്നല്‍ നല്കിയായിരുന്നു ഇരുവരുടെയും മറുപടി. കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും, ഏജ്ഡ് കെയര്‍ മേഖലയില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും നഴ്‌സുമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും അല്‍ബനീസി പറഞ്ഞു.

കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കും എന്നു തന്നെയാണ് മോറിസനും പറഞ്ഞത്. എന്നാല്‍ ഏജ്ഡ് കെയര്‍ മേഖലയില്‍ 24X7 നഴ്‌സുമാര്‍ എന്ന രീതി ഇപ്പോള്‍ നടപ്പാക്കിയാല്‍ അത് മേഖലയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും, നിരവധി ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടി  വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ വിദേശത്തു നിന്നുള്ള നഴ്‌സുമാരുടെ കാര്യം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടിയില്‍ പരാമര്‍ശിച്ചില്ല.

അഭയാര്‍ത്ഥി വിഷയവും, ചൈനീസ് ഭീഷണിയുമാണ് അതിര്‍ത്തി സുരക്ഷാ രംഗത്ത് ഉയര്‍ന്നുവന്ന മറ്റ് വിഷയങ്ങള്‍. ബോട്ടിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്ന നയം താന്‍ കുടിയേറ്റകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് കൊണ്ടുവന്നതെന്നും ലേബര്‍ അതിനെ അനുകൂലിച്ചിരുന്നില്ലെന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

അതേസമയം, ചൈനയും സോളമന്‍ ദ്വീപുമായുണ്ടാക്കിയ സുരക്ഷാ കരാര്‍ സര്‍ക്കാരിന്റെ വിദേശകാര്യ നയത്തിലെ  വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍, ചൈനയുടെ വശംപിടിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രിയുടെ അപവാദം പറച്ചില്‍ എന്നായിരുന്നു ഇതിനോട് അല്‍ബനീസിയുടെ പ്രതികരണം. 

അതേസമയം ഈ സംവാദ വേദിയിലുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ ഒരു വിജയിയെ തെരഞ്ഞെടുക്കുകലാണ് പതിവ്. ഇത്തവണ ആദ്യ സംവാദത്തില്‍ വിജയിയായി തെരഞ്ഞെടുത്തത് ആന്തണി അല്‍ബനീസിയെയാണ്. അല്‍ബനീസിക്ക് 40 ശതമാനം വോട്ടു കിട്ടിയപ്പോള്‍ സ്‌കോട്ട് മോറിസന് 35 ശതമാനം വോട്ടു ലഭിച്ചു. 25 ശതമാനം പേര്‍ നിലപാടെടുത്തില്ല.

കടപ്പാട്: SBS Malayalam

ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍: യുവന്‍ ശങ്കര്‍ രാജയുടെ പുതിയ ചിത്രം ശ്രദ്ധേയമാകുന്നു

Metrom Australia April 19, 2022 POLITICS , ART AND ENTERTAINMENT

ഇളജരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന അടിക്കുറിപ്പോട് കൂടിയുള്ള യുവന്‍ ശങ്കര്‍ രാജയുടെ കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരുന്നു.മോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറെയും താരതമ്യം ചെയ്ത ഇളരാജയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് പലഭാഗത്തുനിന്നും ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുവന്‍ ശങ്കര്‍ രാജയുടെ പോസ്റ്റ് പിതാവിനുള്ള മറുപടിയാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. 

'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിനായി എഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്നുമാണ് അദ്ദേഹം എഴുതിയത്. ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തില്‍ മാപ്പ് പറയില്ലെന്നും താന്‍ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.