ഡേവിഡ് വാര്‍ണറിനെ പിന്തുണച്ച് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്
ബോള്‍ ടാംപറിങ്ങിന്റെ പേരില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ ഓസീസ് നായകന് ഡേവിഡ് വാര്‍ണറിനെ പിന്തുണച്ച് നിലവിലെ ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.
ഡേവിഡ് വാര്‍ണറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ആജീവനാന്തം വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘എനിക്കും എന്റേതായ നിലപാടുകളുണ്ട്. അടിസ്ഥാനപരമായി ഒരാളെ ആജീവനാന്തം വിലക്കുന്ന നടപടി തെറ്റ് തന്നെയാണ്. ആളുകള്‍ക്ക് തങ്ങളുടെ തെറ്റ് മനസിലാക്കാനും തിരുത്താനുമുള്ള അവസരമാണ് നല്‍കേണ്ടത്. അതുകൊണ്ട് തന്നെ അടിസ്ഥാനപരമായി ഞാനതിനെ എതിര്‍ക്കുന്നു. അദ്ദേഹം മികച്ച ഒരു ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തം നല്കുകയാണെങ്കില് വാര്‍ണര്‍ അത് മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കും,’ എന്ന് കമ്മിന്‍സ് പറയുന്നു.
2018ലായിരുന്നു സാന്‍ഡ് പേപ്പര്‍ ഗേറ്റ് ഇന്‍സിഡന്റ് എന്ന പേരില്‍ കുപ്രസിദ്ധമായ ബോള്‍ ടാംപറിങ് നടന്നത്. വാര്‍ണറിന് പുറമെ കാമറൂണ്‍ വെന്ക്രാഫ്റ്റ്, അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു. സ്മിത്തിനെ ക്യാപ്റ്റനാവുന്നതില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും വാര്‍ണറിനെ ആജീവനാന്ത കാലത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്.
വാര്‍ണറായിരുന്നു സംഭവത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് എന്ന് കണ്ടെത്തിയതോടെയാണ് താരത്തെ ആജീവനാന്ത കാലത്തേക്ക് വിലക്കിയത്. എന്നാല്‍ താരത്തിന്റെ വിലക്ക് പിന്‍വലിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. നിരവധി ബി.ബി.എല്‍ ടീമുകള്‍ വാര്‍ണറിന്റെ വിലക്ക് മാറ്റണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് നിര്‍ദേശിച്ചിരുന്നു.