ഓസ്ട്രേലിയൻ പാർലമെന്റിലെ ഏഷ്യൻ പ്രാതിനിധ്യം

Metrom Australia May 25, 2022

ഓസ്ട്രേലിയൻ ജനപ്രതിനിധി സഭയിലെ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചു. നേരത്തെ മൂന്നായിരുന്നെങ്കിൽ ഈ ഫെഡറൽ തെരഞ്ഞെടുപ്പോടെ അത് ആറായി. ലേബർ പാർട്ടിയിൽ നിന്ന് അഞ്ചു പേരും, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് വിജയിച്ചിരിക്കുന്നത്.

ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് പെർത്തിലെ ടാഗ്നിയിൽ നിന്ന് സാം ലിം, മെൽബണിലെ ഹിഗ്ഗിൻസിൽ നിന്ന് മിഷേൽ ആനന്ദ-രാജ (ശ്രീലങ്ക), പെർത്തിലെ സ്വാനിൽ നിന്ന് സാനെറ്റ മസ്കരാനസ്, സിഡ്നിയിലെ റീഡിൽ നിന്ന് സാലി സിറ്റോ, മെൽബണിലെ ഹോൾട്ടിൽ നിന്ന് കസാന്ദ്ര ഫെർണാണ്ടോ (ശ്രീലങ്ക), സിഡ്നിയിലെ ഫൗളർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡായ് ലെ, എന്നിവരാണ് വിജയം ഉറപ്പാക്കിയിരിക്കുന്നത്. എന്നാൽ പെർത്തിലെ മൂർ സീറ്റിൽ നിലവിൽ ലിബറൽ എം പിയായ ഇയാൻ ഗൂഡെനോ ഇപ്പോഴും വിജയത്തിനായി പോരാടുകയാണ്. ഗൂഡെനോ ജയിക്കുകയാണെങ്കിൽ ഏഷ്യൻ വംശജരുടെ എണ്ണം ഏഴായി ഉയരും.

അതേസമയം നിലവിലെ സഭയിൽ ഉണ്ടായിരുന്ന രണ്ട് ഏഷ്യൻ വംശജർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 
എംപിമാരായിരുന്ന സിഡ്നിയിലെ വെന്റ്വർത്തിൽ നിന്നുള്ള ദേവ് ശർമ്മ (ഇന്ത്യൻ വംശജൻ), മെൽബണിലെ ചിഷം സീറ്റിൽ നിന്നുള്ള ഗ്ലാഡിസ് ലിയു എന്നിവരാണ് തോൽവി ഏറ്റുവാങ്ങിയത്.

ഓസ്ട്രേലിയൻ പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലേക്ക് എത്തിയിരുന്ന ആദ്യ ഇന്ത്യൻ വംശജനായിരുന്നു ദേവ് ശർമ്മ. മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ രാജിവച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലെത്തിയ ദേവ് ശർമ്മ, 2019ലും വിജയം ആവർത്തിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ അല്ലെഗ്ര സ്പെൻഡറാണ് വെന്റ്വർത്തിൽ ദേവ് ശർമ്മയെ തോൽപ്പിച്ചത്.
എന്നാൽ രാജ്യത്തെ  ജനസംഖ്യയിൽ 16 ശതമാനത്തോളം ഏഷ്യൻ വംശജരുള്ളപ്പോൾ, മതിയായ പ്രാതിനിധ്യം ഇനിയും പാർലമെന്റിലില്ലെന്നതിലേക്ക് ഏഷ്യൻ ഓസ്ട്രേലിയൻ അലയൻസ് എന്ന സംഘടനയുടെ സ്ഥാപകനായ എറിൻ ച്യൂ വിരൽ ചൂണ്ടുന്നു.

Related Post