ഫാമിലി ത്രില്ലർ, പ്രചോദനം യഥാർത്ഥ സംഭവം; പത്താം വളവ് മെയ് 13ന് തീയറ്ററുകളിൽ

Metrom Australia May 12, 2022

ജോസഫിനു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലറിൽ  സൂരജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങൾ ആകുന്നു. ചിത്രം മെയ് 13ന് ആണ് കേരളത്തിലെ തീയറ്ററുകൾക്കൊപ്പം ഓസ്‌ട്രേലിയൻ  മലയാളി പ്രേക്ഷകർക്ക് മുന്നിലും എത്തുന്നത്.കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് പത്താം വളവ് 

ഒരു പരോള്‍ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും ജീവിതത്തിലെ വഴിത്തിരിവുകളെ പറ്റിയാണ്  സിനിമ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് വേഷമിടുന്നു. പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയുടെ വേഷത്തില്‍ സുരാജ് എത്തും.  വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്തയിടെ ശ്രദ്ധനേടിയ  നൈറ്റ് ഡ്രൈവ് എന്ന ചിത്രം രചിച്ച അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 

അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍  എന്നിവരും അഭിനയിക്കുന്നു.  അജ്മൽ അമീറാണ് മറ്റൊരു പ്രധാനവേഷത്തിൽ. നടി മുക്തയുടെ മകളായ കൺമണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

പത്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് സംഗീത സംവിധായകന്‍. ഹരിചരൺ , വിജയ് യേശുദാസ്, നിത്യമാമൻ തുടങ്ങിയവർ പാടിയിരിക്കുന്നു. 
പൃഥ്വിരാജിനൊപ്പം സുരാജ് ഒന്നിച്ച ജനഗണമനയിലെ  അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍ നടന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി. സിനിമയുടെ ആദ്യ പകുതി സുരാജായിരുന്നു സ്‌കോര്‍ ചെയ്തത്.  ജനഗണമന പ്രദര്‍ശനം തുടരുമ്പോഴാണ് പൃഥ്വിരാജിന്റെ ഏട്ടന്‍ ഇന്ദ്രജിത്തിനൊപ്പം സുരാജ് പ്രധാന വേഷത്തിലെത്തുന്ന പത്താം വളവും തീയറ്ററിൽ എത്തുന്നത്

Trailer
https://youtu.be/4PIOPScy7xg?t=5

Song
https://youtu.be/KgCUwwIj5f8?t=5
 

 

Pathaam Valavu - Official Trailer

Related Post