ട്വിറ്ററിൽ ട്രെൻഡായി 'ഗോബാക്ക് മോദി'

Metrom Australia May 26, 2022 POLITICS

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്‌നാട് സന്ദർശിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി 'ഗോബാക്ക് മോദി'. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കായാണ് മോദി ഇന്ന് തമിഴ്‌നാട്ടിലെത്തുന്നത്. ഇതിനിടയിലാണ് സന്ദർശനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയരുന്നത്.

GoBackModi എന്ന ഹാഷ്ടാഗിൽ ഇതിനകം തന്നെ 20,000ത്തോളം ട്വീറ്റുകളാണ് വന്നിട്ടുള്ളത്. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വികസന പദ്ധതികൾക്കായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഫണ്ട് വാരിക്കോരി നൽകുമ്പോൾ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നാണ് വാദം.

ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രതിഷേധമുയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വിടുതലൈ ചിരുതൈഗൾ കച്ചി(വി.സി.കെ) നേതാവും ലോക്‌സഭാ എം.പിയുമായ തോൾ തിരുമാവളവൻ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സാമുദായിക സ്പർധയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങൾക്കുമിടയാക്കിയ കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ചെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഇടതു പാർട്ടികളും മാർച്ചിൽ പങ്കെടുക്കുമെന്ന് തിരുമാവളവൻ അറിയിച്ചു.

Related Post