വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം തടവ്

Metrom Australia May 24, 2022

കൊല്ലം - നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന്  10 വര്‍ഷം തടവ്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്.

മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

അതേസമയം വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്. 

കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Related Post