"അതേ... നിങ്ങളുടെ കൂട്ടുകാരൻ ചന്ദ്രസേനൻ ഇപ്പോൾ വിളിക്കാറില്ലേ?"
പരിഹാസത്തിന്റെ മേമ്പൊടി കലർത്തി പാതി ഗൗരവത്തിലുള്ള ഭാര്യയുടെ ചോദ്യം കേൾക്കാത്ത മട്ടിൽ രമണൻ സ്വീകരണ മുറിയിൽ തന്നെ ഇരുന്നു.
ഉത്തരം മുട്ടിക്കുന്ന ആ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ അയാളൊരു ബധിരനെപോലെ ഇരുപ്പ് തുടർന്നപ്പോൾ, ഉഗ്രരൂപിണിയായി സർവ്വശക്തിയും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് മീനുവൊന്ന് ഉറഞ്ഞു തുള്ളി.
"ആപ്പോഴേ ഞാൻ പറഞ്ഞതാ അവനവന് ചെയ്യാൻ പറ്റുന്ന പണിക്കേ പോകാവുള്ളൂവെന്ന്. അപ്പോൾ അനുസരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ വന്നു ഭവിക്കുമായിരുന്നുവോ.....
ആര് കേൾക്കാൻ ... ആരോട് പറയാൻ......."
ഓട്ടപാത്രത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളി പോലെ മീനുവിന്റെ കലപില ശബ്ദവും അന്തരീക്ഷത്തിലേക്ക് ഊർന്നിറങ്ങി അയാളുടെ കർണ്ണങ്ങളെ മലീനസപ്പെടുത്തി കൊണ്ടിരുന്നു. രമണന്റെ കൈയിൽ ഇരിക്കുന്ന മൊബൈൽ ഫോൺ തുരുതുരെ ബെൽ അടിക്കുവാൻ തുടങ്ങിയപ്പോൾ മീനു സന്തോഷം ഭാവിച്ചു.
''ചന്ദ്രസേനൻ ആവും അല്ലേ?."
ആണെന്നോ അല്ലെന്നോ അയാൾ മറുപടി പറഞ്ഞില്ല.. ആ സമസ്യ അവൾ തന്നെ പൂരിപ്പിക്കുകയും ചെയ്തു.
"ചന്ദ്രസേനൻ ആണെങ്കിൽ ആർക്കെങ്കിലും അക്കൗണ്ടിൽ നിന്നും പോയ തുക തിരികെ കിട്ടിയോ എന്നൊന്ന് ചോദിച്ചു നോക്കിക്കേ.... "
"ഇത് അയാൾ ഒന്നും അല്ലടീ...'' അതുവരെയുള്ള മൗനം വെടിഞ്ഞു കൊണ്ട് രമണൻ മറുപടി പറഞ്ഞു. മറുപടിയൊന്നും പറയാതെ രമണി വടക്ക് വശത്തുള്ള ജനാലയ്ക്ക് അരികിലേക്ക് നീങ്ങുന്നത് കണ്ടപ്പോൾ മനസ്സുകൊണ്ടയാൾ സന്തോഷിച്ചു. ബിന്ദുവിന്റെ വീട്ടിലേക്ക് പോയി കഴിഞ്ഞാൽ കുറെ നേരം കഴിഞ്ഞു മാത്രമേ ഭാര്യ വരികയുള്ളുവെന്ന് അയാൾക്ക് നല്ലതു പോലെ അറിയാം.
അയാളുടെ മനസ്സിലെ ചിന്തകൾക്ക് കനം വെച്ച് തുടങ്ങിയിരിക്കുന്നു.
മീനുവിന്റെ ആ ചോദ്യം അയാളുടെ ചിന്തകളെ ആഴ്ചവട്ടങ്ങൾക്ക് പുറകിലേക്ക് കൂട്ടികൊണ്ട് പോകുവാൻ പര്യാപ്തമായിരുന്നു.
വെള്ളത്തിൽ നിന്നും കരയിൽ പിടിച്ചിട്ടൊരു മീൻ കണക്കേ ആ ദുഷിച്ച ഓർമ്മകൾ അയാളുടെ മനസ്സിൽ കിടന്നു പിടഞ്ഞു. കുറെ ഡോളറുകൾ നഷ്ടപ്പെട്ട വേദനയെക്കാൾ അയാളെ വേദനിപ്പിച്ചത് അമൂല്യമായി കരുതിയിരുന്ന സൗഹൃദവലയത്തിലെ ചില കണ്ണികൾ അറ്റു പോയപ്പോഴാണ്.
വഞ്ചനയുടെ ആ ചങ്ങാടത്തിലേക്ക് അയാളെ വിശ്വസിച്ചു കൂട്ടായി കയറിയവരും, നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി മൗനം അവലംബിച്ചു തേങ്ങുന്നവരുമെല്ലാം അയാളെ നോക്കി പരിഹസിച്ചു ചിരിക്കുയും, നിന്ദിക്കുകയും ചെയ്യുന്ന രംഗം മനസ്സിൽ തെളിഞ്ഞപ്പോൾ കണ്ണുകൾ അടച്ചു കൊഴിഞ്ഞുപോയ ആ ദിനങ്ങളിലേക്ക് മനസ്സിനെ ഒഴുക്കിയിറക്കി.
ചന്ദ്രസേനൻ ആ വിഷയം അവതരിപ്പിക്കുവാൻ വിളിച്ചപ്പോൾ അയാൾ നോർലുങ്ക കടൽപാലത്തിന്റെ ഒരു വശത്ത് ഇരിക്കുകയായിരുന്നു.
ദിക്കറിയാതെ എങ്ങുനിന്നോ വീശിയടിക്കുന്ന കാറ്റിൽ കടൽകൊക്കുകൾ അതിന്റെ ചിറകുകൾ വിടർത്തി പ്രത്യേക താളത്തിൽ അന്തരീക്ഷത്തിലൂടെ തെന്നി പറന്നുകൊണ്ടിരുന്നു. മീനിനെയും, ഞണ്ടുകളേയും, കണവയെയും ഒക്കെ പിടിക്കുവാൻ വന്നവർ പാലത്തിന്റെ വ്യത്യസ്തങ്ങളായ കോണുകളിൽ ഇരുന്നു കൊണ്ട് ചൂണ്ടയും, ഞണ്ടു വലകളും ഒക്കെ മാറി മാറി പരീക്ഷിക്കുന്നത് വളരെ ജിജ്ഞാസയോടെ കണ്ടുകൊണ്ടിരിക്കുന്നത് അയാൾക്ക് ഒരു കൗതുക തന്നെയായിരുന്നു.
"അന്ന് പണം സമ്പാദിക്കുവാനുള്ള കുറുക്കുവഴിയായിരുന്നു ചന്ദ്രസേനൻ അയാളോട് പങ്കുവെച്ചത്."
മനോഹരമായ ഈ ലോകത്ത് മുൻപ് പലപ്പോഴായി പറ്റിക്കപെട്ടവരുടെ കഥകൾ അയാളുടെ മനസ്സിലൂടെ ഓർമ്മപ്പെടുത്തൽ പോലെ തെന്നി നീങ്ങി.
അയാളുടെ ഓർമ്മയിൽ അവരുടെയൊക്കെ മുഖത്ത് വിഷാദം മാത്രമേ നിഴലിച്ചിരുന്നുള്ളുവെങ്കിലും ദ്രവ്യാഗ്രഹമെന്ന ദുർഭൂതം ആ നൈമിഷിക ചിന്തകളെ കാറ്റിൽ പരത്തുകയും, മുന്നോട്ടുള്ള പ്രയാണത്തിന് പച്ച കൊടി വീശുകയും ചെയ്തു. എങ്കിലും രമണന്റെ മനസ്സ് സന്ദേഹത്താൽ ചാഞ്ചാടി കൊണ്ടിരുന്നു.
"നീ കേൾക്കുന്നുണ്ടോ?.. " സംശയം മാറാതെ ചന്ദ്രസേനൻ അയാളോട് ഉറക്കെ ചോദിച്ചു. ഇതൊന്നും ശരിയാകുമെന്ന് തോന്നുന്നില്ല.
ചിത്തത്തിന്റെ ആ ചാഞ്ചാട്ടം അങ്ങനെയൊരു ഉത്തരം സമ്മാനിക്കുകയാണ് ചെയ്തത്. അല്പം നിരാശയോടെയും, ലേശം പ്രതീക്ഷയോടെയും ചന്ദ്രസേനൻ അയാളോട് സംസാരം തുടർന്നു .
"നിനക്ക് കാര്യമായി ഒന്നും തന്നെ ചെയ്യുവാൻ ഇല്ല". രാവിലെ വെറും രണ്ടു മിനിറ്റ് കൊണ്ട് ചെയ്തു തീർക്കാവുന്ന പരിപാടിയാണ് അത്. ഈ ഗെയിം കളിക്കുന്നരൊക്കെ ഒക്കെ നല്ല നിലയിൽ തന്നെ ജോലി ചെയ്യുന്നവരാണ്, നിനക്കും അതിനു കഴിയും..
ഒരിക്കലും മുങ്ങാത്ത കപ്പലെന്ന് കരുതി ഗെയിം കളിക്കുവാനായി ചന്ദ്രസേനന്റെ ശ്രേണിയിൽ കയറികൂടിയവരിൽ മാധ്യമരംഗത്ത് നിന്നും, അല്ലാതെയും മറ്റു പല മേഖലകളിൽ നിന്നും ഉള്ളവരുടെ സാന്നിധ്യവുമൊക്കെ രമണന് പുതിയൊരു ഊർജം സമ്മാനിച്ചു.
ഒരേ നാട്ടുകാർ എന്നതിലുപരി ചന്ദ്രസേനനും രമണനും പണ്ട് മുതലേ കൂട്ടുകാർ ആയിരുന്നു. കൂട്ടുകാരന്റെ ആ പ്രേരകശക്തിയ്ക്ക് മുൻപിൽ രമണന് അടി തെറ്റുക തന്നെ ചെയ്തു. ഗെയിമിന്റെ നിയമാവലിയെ പറ്റി ചന്ദ്രസേനൻ ചെറിയ രീതിയിൽ വിവരണം നടത്തുവാൻ മടിച്ചതുമില്ല.
ആപ്പിന്റെ പേര് ...... "Wonder world" .. വെറും ഒരു ഗെയിം പോലെ കളിച്ചു നിനക്ക് പണം നേടാം.. പ്രതീക്ഷകൾ സമ്മാനിക്കുന്ന അത്ഭുത ലോകമെന്ന് വിളിച്ചാലും തെറ്റൊന്നും ഇല്ല.. ചന്ദ്രസേനൻ വാചാലനായിട്ടു സംസാരം തുടർന്നു .
ആദ്യം ആ ആപ്പ് മൊബൈലിലേക്ക് ഡൌൺലോഡ് ചെയ്യണം. പിന്നെ ദിവസവും ആ ടാസ്ക് ചെയ്യണം. ഒരു ദിവസം ഇരുപത് ഉത്പന്നങ്ങളെപ്പറ്റി വിശകലനം നടത്തണം. വരുമാനം കൂടുന്നത് അനുസരിച്ച് കമ്മീഷൻ തുകയിലും വർദ്ധനവ് ഉണ്ടാകും. വെറും രണ്ടു മിനിട്ടിന് കിട്ടുന്ന പ്രതിഫലമോ മോഹിപ്പിക്കുന്നതും. ചന്ദ്രസേനൻ നിരത്തിയ ആ കണക്കുകൾ പ്രതീക്ഷയുടെ മനക്കോട്ടകൾ കെട്ടി പൊക്കുവാൻ ഉതകുന്നതുമായിരുന്നു.
നമ്മുടെ ശ്രേണിയിൽ ചേർക്കുന്ന ഓരോ അംഗത്തിന്റെ വരുമാനത്തിൽ നിന്നും നിശ്ചിത തുക അധികവരുമാനം പോലെ നമ്മുടെ അക്കൗണ്ടിൽ കൂട്ടി കിട്ടുകയും ചെയ്യും.
കൈ നനയാതെ മീനിനെ പിടിക്കുവാൻ ചന്ദ്രസേനൻ പണ്ടേ മിടുക്കനാണെന്ന് അറിയാവുന്ന രമണൻ ആ കുരുക്കിലേക്ക് നുഴഞ്ഞു കയറുകയും, പുതിയ ഇരകളെ തേടി ഇറങ്ങുകയും ചെയ്തു.
അത്ഭുത ലോകത്തെ ആ ആപ്പിൽ കയറിയ രജിസ്റ്റർ ചെയ്ത ഉടനെ തന്നെ സൗമ്യ ചാറ്റ് ചെയ്യുവാൻ വന്നു.
" ഹായ് ... ഞാൻ സൗമ്യ..."
കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ്. കമ്പനിയെ കുറിച്ച് ചെറിയൊരു വിവരണവും ചാറ്റിലൂടെ നടത്തുവാൻ അവർ മടിച്ചില്ല .
അത്ഭുത ലോകം വരുമാനത്തിന്റെ നല്ലൊരു പങ്കും അതിന്റെ കസ്റ്റമേഴ്സിനാണ് നൽകുന്നത്. ഏറ്റവും കൂടുതൽ ആളുകളെ ചേർക്കുകയും, അവരെ കൊണ്ട് നിശ്ചിത തുക നിക്ഷേപം നടത്തുകയും ചെയ്യുന്നവർക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് തലത്തിൽ പ്രവർത്തിക്കുവാനും, ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം നൽകുകയും ചെയ്യും.
അതിന് ശേഷമായിരുന്നു സൗമ്യ ആ ചോദ്യം അയാളോട് ചോദിച്ചത്..
"എത്ര തുക ഇപ്പോൾ നിക്ഷേപിക്കുവാൻ കഴിയും".
ആയിരം മുതൽ പതിനായിരം ഡോളറുകൾ വരെ നിക്ഷേപിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ കമ്പനി നൽകുന്നുമുണ്ട്. സൗമ്യ ചാറ്റിങ്ങിലൂടെ പുതിയ ആളുകളെ ആകർഷിക്കുവാനുള്ള പൊടികൈകൾ പ്രയോഗിക്കുകയാണോയെന്ന് രമണന് തോന്നാതിരുന്നില്ല.
നൂറു ഡോളർ നിക്ഷേപിച്ചാൽ കമ്മീഷൻ മൂന്ന് ശതമാനമായി ഉയരും , ആയിരം മുതൽ പതിനായിരം ഡോളറുകൾ നിക്ഷേപിച്ചാൽ കമ്മീഷൻ പതിനഞ്ചു ശതമാനമായി ഉയരും. ആ പണം ഒരു മാസം അക്കൗണ്ടിൽ കിടന്നാൽ ഇരട്ടിയായി തിരികെ കിട്ടും. നിക്ഷേപിക്കുവാൻ പറ്റുന്നില്ലെങ്കിൽ കുറെയേറെ പേരെ ഈ പദ്ധതിയിൽ ചേർക്കുകയാണെങ്കിൽ അവരുടെ വരുമാനം കൊണ്ട് നമ്മുടെ വരുമാനം വർധിക്കും.
നിക്ഷേപിക്കുവാൻ കയ്യിൽ ഡോളർ ഇല്ലാതിരുന്നതിനാൽ പുതിയ കുറെയേറെ ആളുകളെ തൊട്ടു താഴെ ചേർക്കുവാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു രമണണപ്പോൾ.
പുതിയ ആളുകളെ ചേർക്കണം .. എങ്കിൽ മാത്രമേ എന്തെങ്കിലും പ്രയോജനം കിട്ടുകയുള്ളൂ.. മൊബൈൽ ഫോണിൽ നിന്നും കൂട്ടുകാരുടെ നമ്പറുകൾ പലതും എടുത്തിട്ട് അവരിൽ ചേരുമെന്ന് തോന്നിയവരുടെ ചെറിയൊരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് അവരെ വിളിക്കുവാൻ തുടങ്ങി.
ചിലർ അതിൽ താല്പര്യപ്പെടുന്നില്ലെന്ന് ആദ്യമേ തന്നെ പറഞ്ഞു. അവരുടെ മനസ്സിൽ പണ്ടെപ്പോഴൊക്കേയോ പറ്റിക്കപെട്ടതിന്റെ മുറിവുകൾ ഉണങ്ങാതെ കിടപ്പുണ്ടാവുമെന്നു അയാൾ ഊഹിച്ചു. മറ്റു ചിലർ മണി ചെയിൻ പദ്ധതിപോലെയാണിതെന്ന് പറഞ്ഞിട്ട് ഫോൺ കാൾ കട്ട് ചെയ്യാതെ തന്നെ മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറി .
മാത്തുണ്ണിയും , സാറാമ്മയും , ചാണ്ടിച്ചനുമൊക്കെ ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പദ്ധതിയിൽ ചേരുന്നതിന് സമ്മതം അറിയിച്ചത് അയാളിൽ ആഹ്ലാദപൂര്ണ്ണമായ നിമിഷങ്ങൾ സമ്മാനിച്ചു. . ആപ്പിൽ കയറി അവർക്ക് ക്ഷണപത്രം അയച്ചിട്ട് ചെറിയൊരു മൂളിപ്പാട്ട് പാടുവാനും മറന്നില്ല.
ചൂണ്ടയിൽ മീൻ കുരുങ്ങുതുപോലെ മാത്തുണ്ണിയും , സാറാമ്മയും , ചാണ്ടിച്ചനും, അക്ബറും, ആ ആപ്പിൽ കുടുങ്ങുകയും, അവർ വരുമാനം വർധിപ്പിക്കുവാനായി തൊട്ടു താഴെ കുറെയേറെ ആളുകളെ പ്രലോഭിപ്പിച്ചു വീഴ്ത്തുവാനുള്ള തന്ത്രപ്പാടിൽ വിജയം കണ്ടെത്തുകയും ചെയ്തിരുന്നു.
ഓരോ പ്രഭാതങ്ങളും നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തോന്നിപോകത്തക്ക വിധത്തിൽ ഉള്ള വരുമാനമായിരുന്നു അത്ഭുതലോകത്തെ ആപ്പിൽ കാണിച്ചുകൊണ്ടിരുന്നത്.
വിശ്വാസം വന്നപ്പോൾ രമണനും കുറെയേറെ ഡോളറുകൾ ഗെയിമിൽ നിക്ഷേപിക്കുവാൻ മടിച്ചില്ല.
അസുഖബാധിതനായി ആശുപത്രിയിൽ കയറിയപ്പോഴാണ് നേഴ്സ് ദിവ്യ ആ കുരുക്കിൽ പെട്ടതെന്ന് വേണമെങ്കിൽ പറയാം.
" ആശുപത്രി കിടക്കയിൽ ഇരുന്നുകൊണ്ട് . മാത്തുണ്ണിയോടും , സാറാമ്മയോടും ഗെയിമിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന വേളയിൽ നേഴ്സ് ദിവ്യ അതിൽ ചേരുവാനുള്ള സന്നദ്ധത അറിയിക്കുകയും , അവരെ അതിൽ ചേർക്കുകയും ചെയ്തതും."
വരുമാനം വർദ്ധിപ്പിക്കുവാനായി മാത്തുണ്ണിയും , സാറാമ്മയും അക്ഷീണം പരിശ്രമിച്ചു കൊണ്ടിരുന്നു. പലരേയും പുതിയതായി ചേർക്കുന്നതിന് അവർ തന്നെ മുൻകൈ എടുക്കുകയും , നല്ല കസ്റ്റമേഴ്സിനെ കൊണ്ട് പദ്ധതിയിൽ ഡോളറുകൾ നിക്ഷേപിപ്പിക്കുകയും ചെയ്തു.
സാറാമ്മയ്ക്ക് കമ്പനിയിൽ നിന്നും മാനേജർ പോസ്റ്റിലേക്കുള്ള ഓഫർ വരികയും, പുതിയൊരു ഓഫീസിൽ എടുത്തു കൊടുക്കാമെന്ന് ചാറ്റിലൂടെ സൗമ്യ പറയുകയും ചെയ്യുന്നിടം വരെയെത്തി കാര്യങ്ങൾ.
കൊള്ളപലിശയ്ക്ക് കടം കൊടുത്താൽ പോലും ഇത്രയും തുക ആർക്കും കിട്ടുകയില്ല... ചർച്ചകൾ തകൃതിയായി തുടരുകയും, ലാഭത്തിന്റെ കണക്കുകൾ നിരത്തി ആളുകളെ ചേർക്കുവാൻ എല്ലാവരും മത്സരിച്ചുകൊണ്ടുമിരുന്നു.
നിക്ഷേപിക്കുമ്പോൾ ഉടനെ തന്നെ പണം കമ്പനിയുടെ അക്കൗണ്ടിൽ ലഭിക്കുകയും, തിരികെ പിൻവലിക്കുമ്പോൾ അക്കൗണ്ടിൽ വരുവാൻ താമസം നേരിടുകയും ചെയ്യുന്നത് വാട്സപ്പ് ഗ്രൂപ്പിൽ ഒരാൾ സംശയം പോലെ പ്രകടിപ്പിച്ചപ്പോൾ, പല വിധ ഒഴിവുകൾ നിരത്തി അഡ്മിന്റെ ആളുകൾ പുതിയ കഥകൾ മെനയുവാൻ തുടങ്ങി. സുഗതമായി മുൻപോട്ടു പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ പെട്ടെന്ന് പെട്രോൾ തീർന്നുപോയാലുള്ള അവസ്ഥപോലെയായിരുന്നു പിന്നീടുള്ള നാടകീയ രംഗങ്ങൾ.
ശാന്തമായി ഉറങ്ങിയ ആളുകളെല്ലാം പിറ്റേന്ന് പരിഭാന്തിയുടെ വക്കിൽ എത്തിചേർന്നിരുന്നു. . അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന എല്ലാവരും വാട്സപ്പ് ഗ്രൂപ്പിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
പണം നിക്ഷേപിച്ചവർ ഇളഭ്യരായി തീർന്നിരിക്കുന്നു. “വണ്ടർ വേൾഡ്” എന്ന ആ ആപ്പിൽ നിന്നും കുറെയെങ്കിലും പൈസാ തിരികെ പിൻവലിക്കുവാൻ കഴിഞ്ഞവർ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ തന്നെയാണെന്ന് ഗ്രൂപ്പിൽ എല്ലാവരും കരുതുന്നിടം വരെയെത്തി കാര്യങ്ങൾ.
രമണൻ മാത്തുണ്ണിയും, സാറാമ്മയുമായുള്ള സൗഹൃദമിന്നും തുടരുന്നു. ആ ദിവസം കഴിഞ്ഞതിന് ശേഷം ചാണ്ടിച്ചനും, അക്ബറും നേർക്ക് നേർ കൂട്ടി മുട്ടിയാൽ പോലും മിണ്ടുകയുമില്ല, പുതിയതരം തട്ടിപ്പുമായി വരുന്നവനെ കാണുന്നത്പോലെ മുഖം വക്രിച്ചു കാണിക്കുവാനും തുടങ്ങി.
വീടിന്റെ അടുത്തുള്ള ആശുപത്രിയിൽ പോകുവാൻ തല്പരനായിരുന്നു രമണന് ഇപ്പോൾ ആ ആശുപത്രിയിൽ പോകുവാൻ മടിയാണ്. നേഴ്സ് ദിവ്യയുടെ അരികിലെങ്ങാനും കുത്തിവയ്പ് എടുക്കുവാൻ ചെന്നു പെട്ടാലുള്ള അവസ്ഥ അത്രയേറെ അയാളെ പേടിപ്പെടുത്തിയിരുന്നു.
ചന്ദ്രസേനൻ ഇപ്പോൾ രമണനെ വിളിക്കാറുകൂടിയില്ല. ഹിമാലയത്തിൽ തപസ്സ് ഇരിക്കുന്ന മുനികുമാരനെ കൂട്ട് മൗനം മുഖമുദ്രയാക്കി ജീവിതം തുടരുന്നു.
അയാൾക്ക് ചുറ്റുമുള്ള മനുഷ്യരെല്ലാം ഇന്നും ഒരു അത്ഭുത ലോകത്ത് തന്നെയാണ് ജീവിക്കുന്നത് .കാപട്യമില്ലാത്ത ലോകം സ്വപ്നം കണ്ടുകൊണ്ട് വീണ്ടും ചതികുഴികളിലേക്ക് ഓരോരുത്തരും ഇറങ്ങിചെല്ലുന്നു.
ഇവിടെ ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നാൽ പിന്നെ യൂബർ ഓടിക്കുവാൻ ആര് പോകും.
അടുത്ത ആഴ്ച കുറെയേറെ ഡോളർ ബാങ്കിൽ ഉണ്ടെങ്കിൽ മാത്രമേ വീട്ടു കാര്യങ്ങൾ സുഗതമായി മുന്നോട്ടു പോകുകയുള്ളൂ. ബിന്ദുവിന്റെ വീട്ടിൽ നിന്നും തിരികെ വന്ന മീനുവിന്റെ ചോദ്യങ്ങൾ അയാളെ ചിന്തകളിൽ നിന്നും തട്ടി ഉണർത്തി.
മാറുനാട്ടിലാണെങ്കിലും എല്ലുമുറിയെ പണിയെടുത്താൽ മാത്രമേ ജീവിച്ചു പോകുവാൻ കഴിയുകയുള്ളു എന്ന യാഥാർഥ്യം പറയാതെ പറഞ്ഞുകൊണ്ട് മീനു അടുക്കളയിലേക്ക് കയറി.
ഈ അത്ഭുത ലോകത്ത് ഇനിയും തട്ടിപ്പുകൾ അരങ്ങേറിയേക്കാം... നമ്മുടെ കരുതൽ അതിനൊരു തടയണയായി മാറട്ടെ.
ശുഭം
രഞ്ജിത്ത് മാത്യു