ബന്ധങ്ങൾ (നോവൽ - 54)
ഉമ്മച്ചന്റെ വീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ നാരായണൻ ആചാരി ബീവറേജിസിൽ കയറുവാൻ മറന്നില്ല. രണ്ട് ജവാൻ റം വാങ്ങുകയും അതു പണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.
വീട്ടിൽ എത്തിയാൽ ഉടനെ തന്നെ ഭാര്യ പങ്കജത്തിൽ നിന്നും രക്ഷപെടുവാൻ ആ ഒറ്റ മാർഗ്ഗമേ അയാൾക്ക് മുൻപിൽ ഉണ്ടായിരുന്നുള്ളൂ. പോക്കറ്റിൽ നിന്നും കുറച്ചു പൈസായും എടുത്ത് അയാൾ പണി സഞ്ചിയിൽ ഇട്ടു. വൈകിട്ട് ഉമ്മച്ചന്റെ കൂടെ പോകുമ്പോൾ ഒരു കരുതൽ പോലെയായിരുന്ന അയാൾ ആ പൈസാ സൂക്ഷിച്ചത്.
വീട്ടിൽ എത്തിയ ഉടനെ തന്നെ നാരായണൻ ആചാരി പണി സഞ്ചി ഭദ്രമായി കട്ടിലിന്റെ അടിയിലേക്ക് തിരികി കയറ്റി വെച്ചു.. കയ്യിലിരുന്ന കുറച്ചു പൈസാ ഭാര്യ പങ്കജത്തെ ഏല്പിച്ചു. വൈകിട്ട് ഉമ്മൻ സാറിന്റെ കൂടെ അവരുടെ തറവാട് വീട് വരെയൊന്നു പോകുകയാ. രമ്യയെ നേഴ്സിഗിന് പഠിപ്പിക്കുവാൻ ഉള്ള കാശ് എങ്ങനെ എങ്കിലും അയാളുടെ വീടുപണി കഴിയുമ്പോൾ മിച്ചം പിടിക്കണം.
നിങ്ങളുടെ ഈ ഒടുക്കത്തെ കുടിയൊന്നു നിർത്തിയാൽ എല്ലാം ശരിയാകും. പങ്കജം കലിയൊടുങ്ങാതെ പിറുപിറുത്തുകൊണ്ടിരുന്നു. നിങ്ങളുടെ അനിയൻ തങ്കപ്പൻ ആചാരി കിട്ടുന്ന പണം നഷ്ടപ്പെടുത്താതെ നല്ലൊരു വീട് വെച്ചു. ആ വീട്ടിലേക്കുള്ള സാധനങ്ങൾ മുഴുവൻ പണിത് കൂട്ടി. ഇവിടെ ഉള്ള വീട് മഴ പെയ്താൽ ചോർന്നൊലിക്കും.
എന്റെ വിധി... സരസന്റെ കല്യാണലോചന വന്നപ്പോൾ അതിനങ്ങു സമ്മതിച്ചിരുന്നെങ്കിൽ ഈ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നു.
അതെങ്ങനെയാ വിനാശ കാലേ വിപരീത ബുദ്ധിയെന്നല്ലേ പഴമക്കാർ പറയുന്നത്. നാരായണൻ ആചാരി മറുപടിയൊന്നും പറയാതെ കട്ടിലിൽ കയറി കിടന്നു.
സന്ധ്യക്ക് സാറിന്റെ ഒപ്പം പോകാനുള്ളതാ... ഒന്ന് വിളിച്ചേക്കണേ... ഭാര്യയോട് അപേക്ഷ സ്വരത്തിൽ പറഞ്ഞിട്ട് അയാൾ ഉറങ്ങുവാണോ കിടന്നു.
എന്റെ ഈശ്വരാ.... പങ്കജം തലയിൽ കൈ വെച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
വൈകിട്ട് ഉമ്മച്ചന്റെ കൂടെ പോകുവാനായി ഇറങ്ങിയപ്പോൾ പങ്കജം ഭർത്താവിനോടായി ചെറിയൊരു ഓർമ്മപ്പെടുത്തൽ നടത്തുവാൻ മറന്നില്ല.
അതേ... കയ്യിൽ കിടക്കുന്ന വാച്ച് തിരികെ കൊണ്ടുവരുവാൻ മറക്കേണ്ട ... തിരുവനന്തപുരത്തുള്ള പോലീസുകാരൻ അളിയൻ കഴിഞ്ഞ തവണ വന്നപ്പോൾ നിങ്ങൾക്ക് തന്നതാ...
***
ഉമ്മച്ചനും, നാരായണൻ ആചാരിയും സൂപ്പർഫാസ്റ്റ് ബസിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടയിൽ ഉമ്മച്ചൻ താഴത്ത് വടക്ക് തറവാട്ടിൽ നിൽക്കുന്ന മരങ്ങളെ പറ്റി വർണ്ണിക്കുവാൻ മറന്നില്ല. മൂന്നാൾ ആ മരത്തിന് വട്ടം പിടിച്ചാൽ പോലും കൂട്ടിമുട്ടില്ല. അങ്ങനത്തെ എത്ര മരങ്ങളാ ഞങ്ങളുടെ പറമ്പിൽ നിൽക്കുന്നതെന്ന് അറിയാമോ?..
നാരായണൻ ആചാരി അതു കേട്ട് അതിശയം ഭാവിക്കുകയും, ഉമ്മച്ചനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.
സാർ ഭാഗ്യം ചെയ്തവനാ.... ഇത്രയും പണം ഉള്ള വീട്ടിൽ തന്നെ ജനിക്കുകയും, നല്ല ഒന്നാന്തരം കേന്ദ്ര സർക്കാർ ജോലി നേടിയെടുക്കുകയും ചെയ്തല്ലോ... അതിനൊക്കെ അപ്പൂപ്പന്മാർ പുണ്യം ചെയ്യുക തന്നെ വേണം.
ഉമ്മച്ചന്റെ തല കനം ലേശം വർധിച്ചു...സീറ്റിൽ ഒന്ന് ഞെരിഞ്ഞു വലിഞ്ഞു ഇരുന്നിട്ട് ചുറ്റും ഒന്ന് നിരീക്ഷിച്ചു. എല്ലാവരും പാതി മയക്കത്തിൽ ആയി തുടങ്ങിയിരുന്നു.
കാപ്പി കുടിക്കേണ്ടിയവർക്ക് ഇറങ്ങി കാപ്പി കുടിക്കാം. കണ്ടക്ടറുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങിയപ്പോൾ നാരായണൻ ആചാരി എഴുനേറ്റു. സാർ ഇവിടെ ഇരിക്കുകയായിരിക്കുമല്ലോ.. ഞാൻ ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം...
ഉടനെ ഇങ്ങു വന്നേക്കണം കേട്ടോ... ഉമ്മച്ചൻ ആചാരിയെ നോക്കി പറഞ്ഞു.
ഹോട്ടലിലെ ടോയ്ലറ്റിൽ കയറിയ ഉടനെ തന്നെ നാരായണൻ ആചാരി സഞ്ചിയിൽ നിന്നും പുറത്തെടുത്ത കുപ്പി വായിലേക്ക് കമഴ്ത്തി.
വണ്ടി വിടുകയാ... ആരെങ്കിലും ഇനി കയറുവാൻ ഉണ്ടോ?...
കണ്ടക്ടർ ലേശം സൗമ്യമായി എല്ലാരോടുമായി ചോദിച്ചു.
ഉണ്ടല്ലോ സാറെ.... എന്റെ കൂടെ വന്ന ഒരാൾ കയറുവാൻ ഉണ്ട്.. എന്നാൽ വേഗം വിളിക്ക്...
ഉമ്മച്ചൻ വണ്ടിയിൽ നിന്നും ഇറങ്ങി.. ഏറെ നേരത്തെ അന്വേക്ഷണത്തിന് ശേഷമാണ് നാരായണൻ ആചാരിയെ കണ്ടെത്തിയത്.
താൻ വരുന്നില്ലേ?.. വണ്ടി ഇപ്പോൾ പോകും..
ഏതു വണ്ടി... ഞാൻ എങ്ങോട്ടും ഇല്ല.. ഇവിടെ എനിക്ക് പരമസുഖമാണ്.. ഉമ്മച്ചൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. ഓടയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ആചാരി കിടക്കുന്നിടത്ത് നിന്നും ഏതാനും വാരെ അകലെകൂടി ഒഴുകികൊണ്ടിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന കാറ്റ് നാസികങ്ങളെ തഴുകി കടന്നു പോയപ്പോൾ ഉമ്മച്ചന് ഓക്കാനം വന്നു.
അവിടെ നിന്നാൽ അത്ര പന്തിയല്ലെന്നു തോന്നിയതിനാൽ ഉടനെ തന്നെ ഉമ്മച്ചൻ കോഴിക്കോട്ടേക്ക് തിരികെ മടങ്ങി.
ലേശം തലയ്ക്ക് വെളിവ് വെച്ചപ്പോൾ ആശാരി കിടന്നിടത്ത് നിന്നും എഴുനേറ്റു. സമയം നോക്കാനായി കയ്യിലേക്ക് നോക്കിയപ്പോൾ കയ്യിൽ വാച്ച് ഉണ്ടായിരുന്നില്ല. കൈകൾ അരയിലേക്ക് മെല്ലെ നീട്ടിയ അയാൾ ഞെട്ടിപ്പോയി..
ഉടുമുണ്ട് വരെ നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹിക ദ്രോഹികൾ.. വാച്ച് എടുത്തത് കൂടാതെ ഉടുമുണ്ടും അഴിച്ചെടുത്തിരിക്കുന്നു.
അർദ്ധ ബോധവസ്ഥയിൽ അയാളുടെ മനസ്സ് കാലുഷിതമായി.
എങ്ങനെ തിരികെ വീട്ടിൽ എത്തും.. അഞ്ചാറു കിലോമീറ്റർ എങ്കിലും ദൂരം ഉണ്ടാകും വീട്ടിലേക്ക്. അടുത്ത് കണ്ട ഒരു പൊന്തകാട്ടിലേക്ക് അയാൾ ഓടി കയറി. എവിടെ നിന്നോ ഒരു നായ് ഉച്ചത്തിൽ കുരയ്ക്കുന്ന ശബ്ദം അയാളിൽ ഭീതിയുടെ വിത്തുകൾ വരി വിതറി.
തുടരും
രഞ്ജിത്ത് മാത്യു
കവർ ചിത്രം: ബിനോയ് തോമസ്