ബന്ധങ്ങൾ (നോവൽ - 55)
ഒരു പകൽ മുഴുവൻ ആ പൊന്തക്കാട്ടിൽ കഴിച്ചു കൂട്ടിയതിന്റെ കഷ്ടപ്പാട് നാരായണൻ ആചാരിയുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു. മുഖത്തും, ശരീരത്ത് അങ്ങിങായി കൊതുക് കുത്തി വിങ്ങിയ പാടുകൾ അയാൾക്ക് ഒരു വസൂരി രോഗിയുടെ മട്ടും ഭാവവും സമ്മാനിക്കുക തന്നെ ചെയ്തു.
ഒരു ദീർഘ നിശ്വാസം വിട്ട് നിവർന്നു നിന്നിട്ടു ചുറ്റും കണ്ണുകൾ കൊണ്ട് നിരീക്ഷണം നടത്തി. അടുത്തെങ്ങും ഒരു മനുഷ്യരും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് അവിടെ കിടന്ന ഒരു പ്ലാസ്റ്റിക്ക് കൂടെടുത്ത് മുഖം പാതി മറച്ചു വീട് ലക്ഷ്യമാക്കി നടന്നു.
റോഡിലൂടെ പാഞ്ഞുപോകുന്ന വണ്ടികളുടെ വെട്ടം മുഖത്ത് പതിയാതെ ഇരിക്കുവാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ആരെങ്കിലും കണ്ടാൽ ഒരു ഭ്രാന്തൻ നടന്നു പോകുകയാണെന്ന് തോന്നാത്തക്ക വിധത്തിൽ ഇടയ്ക്കിടയ്ക്ക് തല കുലുക്കുകയും, എന്തെങ്കിലുമൊക്കെ പിറുപിറുക്കുന്നതുപോലെ നാട്യം കാട്ടുവാനും അയാൾ മടിച്ചില്ല.
കുരുടൻ മുക്ക് എത്തിയപ്പോൾ അയാൾക്ക് നേരിയൊരു ആശ്വാസം തോന്നി. വീട്ടിലേക്ക് ഇനി വെറും മൂന്ന് കിലോമീറ്റർ കൂടി മാത്രമേ ഉള്ളൂ. വിജനമായ നടപ്പാതയിൽ ആരും കാണുകയില്ലെന്നുള്ള ഉത്തമ വിശ്വാസമായിരുന്നു ആ ആശ്വാസത്തിനു കാരണം.
അളിയാ..... തൊട്ടു പിന്നിൽ നിന്നും മുഴങ്ങിയ ഉച്ചത്തിലുള്ള ആ ശബ്ദം അയാളുടെ ചിന്തകളെ എങ്ങോട്ടോ പറത്തി വിട്ടു. അർദ്ധ നഗ്നനാണെന്ന സത്യം മുന്നിൽ യഥാർഥ്യം പോലെ ഫണം വിടർത്തി നിന്നാടിയപ്പോൾ അയാൾ ഒരു മരത്തിന്റെ പിന്നിലേക്ക് ഓടി മറഞ്ഞു.
അളിയോ ...പിന്നെയും ആ വിളി...
എഴുത്ത്പുഴ ഷാപ്പിൽ നിന്നും ഇറങ്ങിയ ആരൊക്കെയോ ആണെന്ന് അയാൾക്ക് മനസ്സിലായി. ശ്വാസം പോലും അയാൾ ആ മരത്തിന്റെ മറപറ്റി അവിടെ തന്നെ നിന്നു.
എടാ അത് വല്ല യക്ഷിയോ, പ്രേതമോ ഒക്കെ ആയിരിക്കും.. അല്ലെങ്കിൽ നമ്മുടെ മുന്നിൽ കൂടി നടന്നു പോയ അയാൾ എങ്ങനെ ഇത്ര പെട്ടെന്ന് അപ്രത്യക്ഷനാകും.. കൂട്ടത്തിൽ ഒരുവന്റെ സംശയം എല്ലാ കുടിയന്മാരും ഏറ്റു പിടിച്ചു..
പണ്ടേ ഇവിടെയൊക്കെ ആത്മാക്കൾ കറങ്ങി നടക്കുന്നതായി പലരും പറയുന്നത് കേട്ടിട്ടുണ്ട്.. ഇപ്പോൾ എന്തായാലും അതു ശരിയാണെന്ന് ബോധ്യമായി. അവർ അതു പറഞ്ഞു കൊണ്ട് മുന്നോട്ടു നടക്കുകയും ചുറ്റും ടോർച്ചു കൊണ്ട് ഇരുട്ടിനെ ഉഴിഞ്ഞു മാറ്റുവാൻ പ്രകാശം മിന്നിക്കുകയും ചെയ്തു.
പിന്നെയും കുറെ നേരം കഴിഞ്ഞാണ് നാരായണൻ ആചാരി മരത്തിന്റ മറയിൽ നിന്നും പുറത്ത് ഇറങ്ങിയത്. എന്തൊരു ഗതികേടാണ് ഇത്... ഈശ്വരാ....
ഗതികേടിന്റെ പരമകോടിയിൽ എത്തുമ്പോൾ ഈശ്വരനെ മുറുക്കെ പിടിക്കുകയും, കെട്ടിപുണരുകയും ചെയ്യുന്നത് അയാളുടെ ഒരു വിനോദമായിരുന്നു. അന്നും ആ പതിവ് അയാൾ തെറ്റിച്ചില്ല.
ഒക്കെ വിധി... അവസാനം അയാൾ സ്വയം ആശ്വാസം കണ്ടെത്തുകയും മുന്നോട്ടു ധൃതിയിൽ നടക്കുകയും ചെയ്തു. നേരം വെളുക്കുവാൻ അധികം സമയം ഇല്ല.. നാരായണൻ ആചാരി വീട്ടിൽ കയറുവാനുള്ള തന്ത്രപ്പാടിലായിരുന്നു.
ആരോ വീടിന്റെ പുറകിൽ നിൽക്കുന്നതായും, , വാഴകൾക്ക് ഇടയിലൂടെ പതുങ്ങി നടക്കുന്നതായും തോന്നിയപ്പോൾ കമലക്ഷി ആദ്യമൊന്നു പേടിക്കുക തന്നെ ചെയ്തു. എങ്കിലും ധൈര്യം വിടാതെ കയ്യിൽ ഒരു വടിയും പിടിച്ചു അടുക്കളയിൽ തന്നെ നിന്നു.
ഭർത്താവ് ഇല്ലെന്ന് അറിഞ്ഞു മോഷ്ടിക്കുവാൻ കയറിയ ആരെങ്കിലും ആവും.. ആളെ കൂട്ടുക തന്നേയുള്ളു പോംവഴി.. അങ്ങനെ മനസ്സിൽ ഓർത്തുകൊണ്ട് അവർ തൊട്ടടുത്തു തന്നെ താമസിക്കുന്ന സഹോദരന്റെ മകൻ രഞ്ജുവിനു ഫോൺ ചെയ്തു ചുരുക്കമായി കാര്യങ്ങൾ അവതരിപ്പിച്ചു.
ഒന്നും വിഷമിക്കേണ്ട കേട്ടോ... ഒരു കള്ളനെ ആദ്യമായി പിടിക്കുവാൻ പോകുന്നതിന്റെ ആവേശം രഞ്ജുവിന്റെ സംസാരത്തിൽ പ്രകടവുമായിരുന്നു.
അകത്തു നടന്ന ഈ കലാപരിപാടികൾ ഒന്നും അറിയാതെ നാരായണൻ ആചാരി പണി ആയുധങ്ങൾ വയ്ക്കുന്ന ചെറിയ മുറിയിലേക്ക് ഓടി കയറി.
അവ്യക്തമായ ആ കാഴ്ച കമലക്ഷിയെ പ്രകോപിത ആക്കുകയും , അവർ ഉച്ചത്തിൽ കള്ളൻ എന്ന് വിളിച്ചു കൂവുകയും ചെയ്തു.
നാട്ടുകാരിൽ കുറെയേറെ പേർ കള്ളനെ പിടിക്കുവാനായി വീട് വളയുകയും , അതിൽ ഒരു മാന്യൻ പുറത്തു ഇറങ്ങിയാൽ ഉടനെ തന്നെ അടിക്കുവാനായി വടിയുമായി ഒരുങ്ങി നിൽക്കുകയും ചെയ്തു.
രക്ഷയില്ലെന്നു മനസ്സിലായ നാരായണൻ ആചാരി സ്വന്തം നഗ്നത ഗൗനിക്കാതെ പുറത്തേക്ക് എടുത്തു ചാടുകയും, നാട്ടുകാരെ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.
ശോ... ഇളയപ്പൻ ആയിരുന്നോ.. കള്ളനെ പിടിക്കുവാൻ പറ്റാത്തതിന്റെ വിഷമം രഞ്ജുവിന്റെ സംസാരത്തിൽ പ്രകടമായിരുന്നു.
എന്തിയേ കൊണ്ടുപോയ വാച്ചും മൊബൈലും ഒക്കെ... കമലക്ഷി കലിപ്പിൽ ഭർത്താവിനോട് ചൂടായി.. ഇങ്ങനെ പോയാൽ അടുത്ത വർഷം മോളെ നഴ്സിങ്ങിന് വിടാൻ പറ്റും കേട്ടോ...
നിരാശരായ ആൾക്കൂട്ടം എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്നു മറയുന്നത് വരെ കമലാക്ഷി വീടിന്റെ മുൻവശത്തു തന്നെ നിന്നു. ഭാര്യയുടെ ശകാരം പേടിച്ച് നാരായണൻ ആചാരി അപ്പോൾ തന്നെ കുളിക്കുവാനുള്ള സോപ്പും, തോർത്തുമായി വീടിന്റെ കുറെ താഴെയായി ഒഴുകുന്ന പുഴ ലക്ഷ്യമാക്കി നടന്നു.
നടക്കുന്നതിന്റ ഇടയിൽ അയാൾ ഉമ്മച്ചനെ കുറിച്ച് ആലോചിച്ചു. പിറ്റേന്ന് അവിടം വരെ പോകണമെന്ന് മനസ്സിൽ നിരൂപിക്കുകയും, കുറ്റബോധം കൊണ്ട് തല താഴ്ത്തുകയും ചെയ്തു.
*****
അതേ സമയം ഉമ്മച്ചന്റെ വീട്ടിൽ അമ്പിളി തിരിച്ചു കുവൈറ്റിലേക്ക് പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു.. ഭാര്യ ജോലിക്ക് പോകുന്നതിന് ഉമ്മച്ചന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു..
(തുടരും )
രഞ്ജിത്ത് മാത്യു
കവർ ചിത്രം: ബിനോയ് തോമസ്