ബന്ധങ്ങൾ (നോവൽ - 56)

Metrom Australia Feb. 14, 2022

അമ്പിളിയെ എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടു  തിരികെ  വീട്ടിലേക്ക് വരുന്ന  വഴി  ഉമ്മച്ചൻ  നാരായണൻ  ആചാരിയുടെ  വീട്ടിൽ കയറി.   പറ്റിപ്പോയ അബദ്ധം  വീണ്ടും ആവർത്തിക്കില്ലെന്നുള്ള ഏറ്റുപറച്ചിലോടെയായിരുന്നു ആചാരി  ഉമ്മച്ചാനെ വീട്ടിലേക്ക് വരവേറ്റത്.

 

സാർ... ഇതിയാൻ  പറയുന്നതൊന്നും  ചവികൊള്ളേണ്ട  കേട്ടോ... കമലക്ഷി  ഭർത്താവിനെ  പിന്തുണയ്ക്കാതെ  നാരായണൻ  ആചാരിയുടെ  സ്വഭാവത്തെ  വർണ്ണിച്ചു കാട്ടുവാൻ  ആണ് ശ്രമിച്ചത്..


ഇതിയാന്റെ ഈ  നശിച്ച  കുടികൊണ്ട്  എത്രയെത്ര  പണികളാണ്   നഷ്ടപ്പെട്ടതെന്ന്   സാറിന്  അറിയാമോ?.. ഇന്നലെ മുതൽ  സാറിന്റെ വീട്ടിലെ മരപ്പണി കൂടി നഷ്ടപ്പട്ടാൽ എന്തു  ചെയ്യണമെന്നുള്ള  ആധിയിലാണ് ഞാൻ..

 

കമലക്ഷിയുടെ  ആ പരിഭവം കേട്ടപ്പോൾ ഉമ്മച്ചൻ ഒന്ന് ചിരിച്ചു. 

 

ആ പേടി വേണ്ട കേട്ടോ?.   പണി  ഏല്പിച്ചു കഴിഞ്ഞിട്ട് വാക്ക് മാറ്റുന്ന പതിവ്  എന്റെ നിഘണ്ടുവിൽ  ഇല്ല.. അത്രയും പറഞ്ഞിട്ട് ഉമ്മച്ചൻ നാരായണൻ  ആചാരിയുടെ  നേരെ നോക്കി.


സാറെ  എന്തെങ്കിലുമൊക്കെ ദുശീലം  ഇല്ലാത്ത മനുഷ്യർ ഉണ്ടോ ഈ  ലോകത്ത്?.

ആ ചോദ്യം  ഉമ്മച്ചന്റെ  മനസ്സിൽ ഉടുമ്പിനെ പോലെ അള്ളി പിടിച്ചു കിടക്കുകയും,  സ്വന്തമായി പുനരവലോകണം നടത്തുവാൻ  പ്രേരകമായി  തീരുകയും ചെയ്തു.

തനിക്കും ഉണ്ടല്ലോ കുറെയേറെ ദുശീലങ്ങൾ..... ഉമ്മച്ചൻ മറുപടിയൊന്നും പറയാതെ  ധൃതി  ഭാവിച്ചു  എഴുനേറ്റു..


രണ്ട് ദിവസം കഴിയുമ്പോൾ   നാട്ടിലേക്ക് പോകണം ... അപ്പോൾ താനും  കൂടെ  വന്നേ പറ്റുകയുള്ളു. തറ  നിരപ്പായ  വീടിന്റെ ബാക്കി പണി  പൂർത്തിയാകണമെങ്കിൽ  ഇനി തടി  പണി  തുടങ്ങിയാലേ പറ്റുകയുള്ളു.


കമലക്ഷിക്ക്  അത് കേട്ടപ്പോൾ സമാധാനം  ആയി... ആദ്യമായിട്ടാണ് ഭർത്താവിനെ തുടർച്ചയായിട്ടൊരാൾ പണിക്ക് വിളിക്കുന്നത്. ഉമ്മച്ചൻ  വീട്ടിൽ എത്തിയപ്പോൾ  മറിയാമ്മച്ചി നാട്ടിൽ നിന്നും ഫോണിലൂടെ പകർന്നു കിട്ടിയ വിശേഷങ്ങൾ  പങ്കു വെച്ചു...

 

ഈയിടെ   നമ്മൾ  വാങ്ങിയ  അംബാസിഡർ  കാർ പണിക്ക് കേറ്റണമെന്ന് മത്തച്ചൻ  അപ്പച്ചനോട്‌  പറഞ്ഞിട്ടിരിക്കുകയാണത്ര.  നല്ല  പണി  വരുമെന്നാണ്  വർക്ഷോപ്പിൽ നിന്ന് പറഞ്ഞിരിക്കുന്നത്. 

 

കേട്ടപ്പോൾ ഉമ്മച്ചനും  അരിശം  തോന്നി.. ബേബിച്ചായൻ  ആ വണ്ടി വാങ്ങിപ്പിച്ച  വകയിൽ  നല്ല  കമ്മീഷൻ  അടിച്ചു മാറ്റിയിട്ടുണ്ടാവും.  ഇത്രയും  പണിയുള്ള വണ്ടി തലയിൽ  കെട്ടിവെച്ചപ്പോൾ ബേബിച്ചായന്  ഉറക്കം  കിട്ടിയിട്ടുണ്ടാവും.

 

മറിയാമ്മച്ചി മറുപടിയൊന്നും  പറയാതെ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അങ്ങനെ തന്നെ ഇരുന്നു...

 


ഏതായാലും  രണ്ടു ദിവസം കഴിഞ്ഞ്  വീട്ടിൽ ചെല്ലുമ്പോൾ ബാക്കി വിശേഷങ്ങൾ അറിയാം .. ഉമ്മച്ചൻ അങ്ങനെ പറഞ്ഞിട്ട്  വീടിനുള്ളിലേക്ക് കയറി പോയി.

 

തുടരും


രഞ്ജിത്ത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post